സൗദി ദക്ഷിണമേഖലയിൽ ഇന്ത്യൻ കോൺസുലേറ്റ് വേണം -അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി

ജിദ്ദ: സൗദിയിലെ 26.3 ലക്ഷം ഇന്ത്യൻ പ്രവാസികളുടെ കണക്കനുസരിച്ച് നിലവിലുള്ള റിയാദിലെ ഇന്ത്യൻ എംബസിക്കും ജിദ്ദയിലെ കോൺസുലേറ്റിനും പുറമെ മറ്റൊരു കോൺസുലേറ്റ് കൂടി നിലവിൽ വരേണ്ടതുണ്ടെന്ന് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി അഭിപ്രായപ്പെട്ടു. മക്കയിൽ ഹജ്ജുമായി ബന്ധപ്പെട്ട തിരക്കുകളും സൗദിയുടെ പടിഞ്ഞാറൻ മേഖലയിലെ 1,800 കിലോമീറ്റർ ചുറ്റളവിലുള്ള ഇന്ത്യൻ പ്രവാസികളുടെ ആവശ്യങ്ങൾക്കുമെല്ലാം ആശ്രയം നിലവിൽ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് മാത്രമാണ്.

ഇത്​ മൂലം ആവശ്യത്തിലധികം ജോലിഭാരം കോൺസുലേറ്റി​െൻറ നിലവിലെ പരിമിതിയിൽ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാനും ഇന്ത്യൻ സമൂഹത്തിന് കൃത്യമായ സേവനം സമയബന്ധിതമായി ലഭ്യമാക്കാനും ജിദ്ദയും മക്ക കേന്ദ്രീകരിച്ചുള്ള കോൺസുലേറ്റിന്​ പുറമെ അബഹ, ജിസാൻ തുടങ്ങിയ ദക്ഷിണ മേഖല കേന്ദ്രീകരിച്ച്​ മറ്റൊരു കോൺസുലേറ്റും ഉണ്ടാവേണ്ടതുണ്ട്. ഈ ആവശ്യം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായും എം.​പി അറിയിച്ചു.

ആവശ്യം കോൺസുൽ ജനറലിന് ബോധ്യപ്പെട്ടതായും എന്നാൽ ഇക്കാര്യത്തിൽ സർക്കാറി​െൻറ ഭാഗത്തുനിന്നുള്ള നയപരമായ തീരുമാനമാണ് ഉണ്ടാവേണ്ടതെന്നും കോൺസുൽ ജനറൽ അറിയിച്ചതായും എം.​പി പറഞ്ഞു. ജിദ്ദയിൽ 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഹജ്ജ് സമയത്ത് ഇന്ത്യൻ ഹാജിമാർക്ക് ചില പ്രയാസങ്ങൾ ഉണ്ടായതായി അറിയാൻ കഴിഞ്ഞിരുന്നു. ഇക്കാര്യം കോൺസുൽ ജനറലി​െൻറ ശ്രദ്ധയിൽപ്പെടുത്തി. ഇപ്രാവശ്യം വിവിധ സന്നദ്ധസംഘനകളുടെ വളൻറിയർമാർക്ക് ഹജ്ജ് സേവനം ചെയ്യാനുള്ള അവസരം ലഭിച്ചില്ല എന്നത് ഇതിനൊരു കാരണമാണ്. ചില തീർഥാടകർക്ക് കൃത്യമായി മിനായിൽ താമസസൗകര്യം ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായി.

അടുത്ത പ്രാവശ്യം ഇത്തരം പ്രശ്നങ്ങളെല്ലാം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലെടുക്കണം എന്ന് കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടു. നാട്ടിൽനിന്നും സർക്കാർ നിശ്ചയിക്കുന്ന ഹജ്ജ് വളൻറിയർമാർക്ക് ഭാഷാപ്രശ്നവും മക്കയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള ധാരണയില്ലാത്തതും സേവനം ചെയ്യുന്നതിന് തടസമാവുന്നുണ്ട്. ഇത് പരിഹരിക്കാൻ സൗദിയിൽനിന്ന് തന്നെ പരിചയസമ്പന്നരായ ആളുകളെ ഇത്തരം വളണ്ടിയർമാരായി നിശ്ചയിക്കുന്നതാവും നന്നാവുക എന്നൊരു നിർദേശം പങ്കുവെച്ചിട്ടുണ്ട്.

തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ, ഹുറൂബ് കേസുകൾ, പാസ്പോർട്ട്, ഇഖാമ പ്രശ്‌നങ്ങൾ എന്നിവ നേരിടുന്ന നിരവധി പ്രവാസികളുണ്ട്. ഇവരുടെ കാര്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കോൺസുലേറ്റ് ശ്രദ്ധിക്കണമെന്ന ആവശ്യത്തിന്, ഇതിനായി കോൺസുലേറ്റിലും മറ്റു പ്രദേശങ്ങളിലും മാസത്തിലൊരിക്കൽ ഓപ്പൺ ഹൗസുകൾ നടത്താൻ ശ്രമിക്കുമെന്ന് കോൺസുൽ ജനറൽ ഉറപ്പുനൽകിയതായി അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി അറിയിച്ചു.

പ്രവാസികളുടെ മൃതദേഹം നാട്ടിലയക്കുന്നതിന് പല കാരണങ്ങളാൽ കാലതാമസം വരുന്നതിനുള്ള പരിഹാരം കാണുന്നതിനും പ്രവാസികളുടെ നിയമപരമായ പ്രശ്നങ്ങൾ സൗദിയിലെ കോടതിയിൽ കൈകാര്യം ചെയ്യാൻ യോഗ്യരായ, അറബി ഭാഷാപരിജ്ഞാനമുള്ള ലീഗൽ ടീമിനെ നിശ്ചയിക്കുന്നതിനും ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സന്നദ്ധ സംഘടനകളും കോൺസുലേറ്റും തമ്മിലുള്ള ലിങ്ക് കൃത്യമായി മുന്നോട്ട് നീക്കാനായി കോൺസുലേറ്റിൽ പ്രത്യേകം സെഷൻ ആരംഭിക്കാമെന്ന് കോൺസുൽ ജനറൽ അറിയിച്ചിട്ടുണ്ട്.

സൗദിയിൽ പ്ലസ് ടൂ കഴിഞ്ഞ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തത് പരിഗണിച്ച് നാട്ടിലുള്ള ഏതെങ്കിലും യൂനിവേഴ്‌സിറ്റികളുടെ ഓഫ് കാമ്പസ് ആരംഭിക്കാനുള്ള സാധ്യത, നാട്ടിലെ എൻട്രൻസ് പരീക്ഷകളുടെ സെൻറർ സൗദിയിൽ ആരംഭിക്കുന്നത് തുടങ്ങിയ ആവശ്യങ്ങളും കോൺസുൽ ജനറലി​െൻറ മുമ്പിൽ വെച്ചതായും ഇക്കാര്യങ്ങളിൽ ത​െൻറ ഭാഗത്ത് നിന്നുള്ള പരിശ്രമങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും എം.​പി അറിയിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ കുഞ്ഞിമോൻ കാക്കിയ, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബൂബക്കർ അരിമ്പ്ര എന്നിവരും കോൺസുൽ ജനറലിനെ സന്ദർശിക്കാൻ എം.പിയോടൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Indian consulate is needed in the southern region of Saudi Arabia-Haris Beeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.