ജിദ്ദ: ആറ് മാസക്കാലം നീണ്ടുനിൽക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ 40ാം വാർഷിക കാമ്പയിന്റെ ഭാഗമായി അൽഹുദാ മദ്റസ പാരന്റ്സ് ഫോറം 'നമ്മുടെ മക്കൾ നന്മയുടെ പൂക്കൾ' എന്ന ശീർഷകത്തിൽ പാരന്റിങ് സെമിനാർ സംഘടിപ്പിച്ചു. ശറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ അധ്യാപകനും പാരന്റിങ് കൗൺസിലറുമായ അബ്ദുൽ ജലീൽ മദനി വിഷയാവതരണം നടത്തി.
ചോദ്യങ്ങൾ ചോദിക്കാനും അവയിൽനിന്ന് ഉത്തരങ്ങൾ കണ്ടെത്താനും മക്കളെ പ്രാപ്തരാക്കുവാൻ രക്ഷിതാക്കൾക്ക് സാധിക്കേണ്ടതുണ്ടെന്നും അതിലൂടെ പുതിയ ലോകത്തെ വായിച്ചെടുക്കാൻ മക്കൾ പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കൾ മക്കളുമായി പ്രധാനമായും നാലു തരത്തിലുള്ള ബന്ധങ്ങൾ വളത്തിയെടുക്കേണ്ടതുണ്ട്. ഇമോഷനൽ റിലേഷൻഷിപ്, മെറ്റീരിയൽ റിലേഷൻഷിപ്, ഫിസിക്കൽ റിലേഷൻഷിപ്, മോറൽ റിലേഷൻഷിപ് എന്നിങ്ങനെയുള്ള ബന്ധങ്ങളിലൂടെ മക്കളെ സുഹൃത്തുക്കളാക്കി മാറ്റാൻ മാതാപിതാക്കൾ ശ്രമിക്കണം.
മക്കൾ മാതാപിതാക്കളോട് സുഹൃത്ത് എന്ന പോലെ പെരുമാറാൻ സാധിക്കുമ്പോൾ മാത്രമേ ഏതു വിഷയവും മാതാപിക്കളോട് ചോദിച്ചറിയുവാനും അറിവുകൾ പരസ്പരം പങ്കുവെക്കാനും കാര്യങ്ങൾ തുറന്നുപറയാനും കുട്ടികൾ തയാറാവുകയുള്ളൂ. അതുകൊണ്ടുതന്നെ മക്കളുമായി ആത്മബന്ധം വളർത്തിയെടുക്കാൻ ചെറുപ്പകാലംതൊട്ടേ രക്ഷിതാക്കൾ ശീലിക്കണം. കൗമാരക്കാരിൽ അധികരിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ലഹരിയുടെ പിടിയിൽ മക്കൾ അകപ്പെടാതിരിക്കാൻ നിരന്തരമായ ശ്രദ്ധയും നിരീക്ഷണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മെറ്റീരിയൽ റിലേഷൻഷിപ്പിലൂടെ മക്കളുടെ ലഹരി ഉപയോഗത്തിന് തടയിടാൻ രക്ഷിതാക്കൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പാരൻറ്സ് ഫോറം ഭാരവാഹികളായ സാജിദ് പൂളക്കമണ്ണിൽ, അബ്ദുൽ റഷാദ് കരുമാര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.