ദമ്മാം: ‘മതം ധാർമികത സംസ്കാരം’ ശീർഷകത്തിൽ സൗദി കിഴക്കൻ മേഖല ഇന്ത്യൻ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. സൗദി ഇസ്ലാമിക മന്ത്രാലയത്തിന്റെ കീഴിലുള്ള ദമ്മാം ഇസ്ലാമിക് കൾചറൽ സെന്ററിൽ മൂന്നു സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അറിവ് നേടുന്നതിന് ഇസ്ലാം നൽകുന്ന പ്രാധാന്യം എന്ന വിഷയത്തിൽ നടന്ന വിജ്ഞാന സദസ്സിന് സിറാജുൽ ഇസ്ലാം ബാലുശ്ശേരി (യു.എ.ഇ) നേതൃത്വം നൽകി.
ഉസാമ ബിൻ ഫൈസൽ മദീനി ആമുഖ ഭാഷണം നടത്തി. ഇസ്ലാമിക് കൾചറൽ സെൻറർ മലയാളം വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫലസ്തീനിൽനിന്ന് അന്നാട്ടുകാരെ ആട്ടിയോടിച്ച് ദശകങ്ങളായി അധിനിവേശം നടത്തി ആ ജനതക്കുള്ള അവകാശങ്ങൾ നിഷേധിക്കുകയും അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ജൂത സയണിസ്റ്റുകളുടെ ചെയ്തികളെ സമ്മേളനം ശക്തമായി അപലപിച്ചു. മുഹമ്മദ് നബിക്കും അനുചരന്മാർക്കുമെതിരെ ശത്രുക്കൾ നടത്തിയ പീഡനങ്ങളെയും മക്കയിൽനിന്ന് മദീനയിലേക്ക് നടത്തിയ പലായന ചരിത്രവും ഓർമപ്പെടുത്തി വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടുകൾ വിശദീകരിച്ച് ‘അൽ അഖ്സ നമ്മോട് പറയുന്നത്’ വിഷയത്തിൽ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി പ്രഭാഷണം നടത്തി.
രണ്ടാം സെഷനിൽ പ്രബോധനം വിശ്വാസിയുടെ ബാധ്യതയെന്ന വിഷയത്തിൽ എൻജി. എൻ.വി. മുഹമ്മദ് സാലിം സംസാരിച്ചു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രബോധകൻ സർഫറാസ് മദീനി ആമുഖഭാഷണം നടത്തി. സമാപന സെഷനിൽ ‘മതം ധാർമികത സംസ്കാരം’ കാമ്പയിൻ പ്രമേയം വിശദീകരിച്ച് സിറാജുൽ ഇസ്ലാം മുഖ്യപ്രഭാഷണം നടത്തി. പ്രതികരണങ്ങളിൽ പാലിക്കേണ്ട ഇസ്ലാമിക മര്യാദകളെക്കുറിച്ച് ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രബോധകൻ അബ്ദു സുബ്ഹാൻ സ്വലാഹി സംസാരിച്ചു.
അർശദ് ബിൻ ഹംസ ആമുഖഭാഷണം നിർവഹിച്ചു. കാമ്പയിനിന്റെ ലക്ഷ്യങ്ങളെ കുറിച്ചും അതിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നൗഷാദ് ഖാസിം (ദമ്മാം), കൈതയിൽ ഇമ്പിച്ചി കോയ (ദമ്മാം), അബ്ദുൽ മന്നാൻ (ജുബൈൽ), ഫക്രുദ്ദീൻ (അൽഖോബാർ) എന്നിവർ നിയന്ത്രിച്ചു.
സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.