ഇഖാമ കലാവധി കഴിഞ്ഞവരുടെ പാസ്​പോർട്ട് പുതുക്കുന്നില്ല: ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിൽ

ഇഖാമ കലാവധി കഴിഞ്ഞവരുടെ പാസ്​പോർട്ട് പുതുക്കുന്നില്ല: ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിൽ

ദമ്മാം: സൗദിയിലെ താമസ രേഖ (ഇഖാമ)യുടെ കാലാവധി കഴിഞ്ഞ ഇന്ത്യക്കാരുടെ പാസ്​പോർട്ട് പുതുക്കി നൽകില്ലെന്ന ഇന്ത്യൻ എംബസിയുടെ തീരുമാനം പ്രതിസന്ധിയിലാക്കുന്നത് ആയിരങ്ങളെ. ഇന്ത്യൻ പൗരന്‍റെ ആധികാര രേഖ പുതുക്കാൻ വിദേശരാജ്യത്തെ താമസ രേഖയും ആവശ്യമാണന്ന നിബന്ധന അടുത്തകാലത്തുണ്ടായതാണെന്ന്​ സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.

എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടവർക്കാണ് ഈ നിബന്ധന എന്നാണ്​ എംബസിയുടെ വിശദീകരണം. ഇത്തരത്തിലുള്ളവർ രാജ്യം വിടുകയോ, നിർബന്ധപൂർവം സ്​പോൺസറെക്കൊണ്ട് ഇഖാമ പുതുക്കുകയോ ആണ് വേണ്ടതെന്നും അവർ വ്യക്തമാക്കുന്നു. സൗദിയിൽ എത്തുന്ന വിദേശിക്ക് ഇഖാമ ലഭ്യമാക്കുന്നതും പുതുക്കുന്നതുമെല്ലാം തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. സൗദിയിലെ തൊഴിൽ മേഖല പരിഷ്കരിച്ച നിയമപ്രകാരം ക്രമപ്പെടുത്തിയതോടെ സ്​പോൺസർമാരുടെ കീഴിൽ സ്വന്തമായി തൊഴിലെടുത്തിരുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനിടെ കോവിഡ്​ വ്യാപനം നിരവധി സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യഥാസമയം തൊഴിലാളികളുടെ ഇഖാമ പുതുക്കി നൽകാനാവാത്ത അവസ്ഥ നേരിടുന്നുണ്ട്. മാത്രമല്ല സ്വദേശിവൽക്കരണ തോത് പൂർത്തിയാക്കാത്ത കമ്പനികൾക്ക് തൊഴിലാളികളുടെ രേഖ പുതുക്കാൻ കഴിയാത്ത നിയമതടസ്സവുമുണ്ട്. ഇതിനിടയിലാണ് പാസ്പോർട്ട് പുതുക്കാൻ സൗദി ഇഖാമയുടെ കാലാവധി മാനദണ്ഡമാക്കിയിരിക്കുന്നത്.

പാസ്സ്‌പോർട്ട് ഓരോ ഇന്ത്യൻ പൗരന്‍റെയും അവകാശമാണെന്നിരിക്കെ അത്​ പുതുക്കുന്ന നടപടികളിൽ ഒരു തരത്തിലും സൗദി സർക്കാർ ഇടപെടുന്നില്ല. പൂർണമായും ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും മാത്രം നിയന്ത്രിയ്ക്കുന്ന നടപടിക്രമങ്ങൾ മാത്രമാണ് അതിലുള്ളത്. എന്നിട്ടും പാസ്സ്‌പോർട്ട് പുതുക്കുന്നതിന് സൗദി ഇഖാമയുടെ കാലാവധി മാനദണ്ഡമാക്കിയത്​ എന്തിനാണെന്ന്​ പ്രവാസികൾ ചോദ്യമുയർത്തുന്നു. നിലവിൽ തൊഴിലാളിയനുകൂല നിയമങ്ങൾ നിലനിൽക്കുന്ന സൗദിയിൽ ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ പുതിയ സ്പോൺസറെ സ്വന്തം നിലക്ക്​ കണ്ടെത്താൻ കഴിയും. എന്നാൽ പാസ്​പോർട്ടിന്​ കാലാവധിയില്ലെങ്കിൽ സ്പോൺസർഷിപ്പ് മാറുന്നതിന്​ തടസ്സമുണ്ട്. ഒട്ടേറെ പ്രവാസികളാണ് പാസ്​പോർട്ട് പുതുക്കാനാവാതെ കഷ്ടപ്പെടുന്നത്.

അതെസമയം സൗദിയിലും കുവൈത്തിലും ഒഴികെ ഈ നിബന്ധന യു.എ.ഇ ഉൾപ്പടെ മറ്റ്​ രാജ്യങ്ങളിലൊന്നുമില്ലെന്നും അറിയുന്നു. സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ എക്സിറ്റിൽ നാട്ടിലേക്ക്​ തിരിച്ചുപോകാൻ എംബസ്സി ഔട്ട്​ പാസ്​ (ഇ.സി) നൽകാൻ തയാറാണ്. എന്നാൽ ഇസിയുമായി നാട്ടിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ ഉൾപ്പടെ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതായി വന്നിട്ടുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതുമുതൽ എംബസ്സി പ്രതിനിധികളോട്​ ഈ നിബന്ധനയുടെ പ്രയാസം നിരവധി തവണ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

നുറുകണക്കിന് ആളുകളാണ് ഇതുമായി ബന്ധപ്പെട്ട് സഹായമഭ്യർഥിച്ച് സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാസ്​പോർട്ടിന്‍റെ കാലാവധി കഴിഞ്ഞ് ഒന്നും രണ്ടും വർഷം പിന്നിട്ടവർക്ക് സ്പോൺസറുടെ കത്ത് ലഭ്യമാക്കിയാൽ പാസ്​പോർട്ട് കുറഞ്ഞ കാലാവധിയിലേക്ക് പുതുക്കി നൽകുന്നുണ്ട്. അതേ സമയം ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്​പോർട്ട് പുതുക്കാനുള്ള അപേക്ഷകൾ എംബസ്സി സേവന കേന്ദ്രങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പറഞ്ഞു. ഇത് ഒരുപാട് പേരെ പ്രതിസന്ധിയിലാക്കുകയും വ്യാജ രേഖകൾ ചമക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയതായി സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനും പറഞ്ഞു.

Tags:    
News Summary - Iqama Validity Thousands of expatriates in crisis over passport renewal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.