റിയാദ്: അൽഅഖ്സ മസ്ജിദിലെ കുറ്റകൃത്യങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇസ്രായേൽ സേനയെ ഉത്തരവാദികളായി പ്രഖ്യാപിക്കണമെന്ന് സൗദി മന്ത്രിസഭ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇത്തരം നടപടികൾ പശ്ചിമേഷ്യയിലെ സമാധാനപ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകളെ ബാധിക്കുമെന്നും സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണ മന്ത്രിമാർ ആവർത്തിച്ചു. ലോകമെമ്പാടുമുള്ള ദരിദ്രരായ ആളുകൾക്കൊപ്പം നിൽക്കുകയും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും ചെയ്യുക എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടാണ്.
കുവൈത്തുമായി ചേർന്ന് 'ഡോറ ഓഫ്ഷോർ ഗ്യാസ് ഫീൽഡ്'വികസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും. വിഷൻ 2030ന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷമായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ജി20 രാജ്യങ്ങളിൽ ധനനയത്തിന്റെ ഫലപ്രാപ്തിയിൽ സൗദിയെ ഒന്നാമതെത്തിച്ചതെന്ന് യോഗം വിലയിരുത്തി. സർക്കാർ സംവിധാനങ്ങളുടെയും ജീവനക്കാരുടെയും കാര്യക്ഷമതക്ക് തെളിവാണ് ഇത്.
ഈജിപ്തിൽ നിക്ഷേപം നടത്താനുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. വ്യാഴാഴ്ചയോടെ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും ഈദുൽ ഫിത്ർ അവധി ആരംഭിക്കാൻ സൽമാൻ രാജാവ് നിർദേശിച്ചു. തിങ്കളാഴ്ച തുടങ്ങേണ്ട അവധി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നേരത്തേ ആക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.