റിയാദ്: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ റിയാദിലെത്തി. തിങ്കളാഴ്ച റിയാദിൽ നടക്കുന്ന ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഈ സന്ദർശനം. ഞായറാഴ്ച രാവിലെ റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിലിറങ്ങിയ മന്ത്രിയെ സൗദി പ്രോട്ടോക്കോൾ കാര്യ മന്ത്രാലയത്തിലെ ഉപമന്ത്രി അബ്ദുൽ മജീദ് അൽസ്മാരിയും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു.
തിങ്കളാഴ്ച രാവിലെ റിയാദിലെ ജി.സി.സി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ സംബന്ധിക്കുന്ന എസ്. ജയശങ്കർ തുടർന്ന് ആറ് ഗൾഫ് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായും പ്രത്യേകം കൂടിക്കാഴ്ചയും ഉഭയകക്ഷി സംബന്ധമായ ചർച്ചകളും നടത്തും. രാഷ്്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം, സാംസ്കാരികം, ജനങ്ങളുമായുള്ള ബന്ധം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ ആഴമേറിയതും ബഹുമുഖവുമായ ബന്ധമാണുള്ളതെന്ന് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റിയാദിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഗൾഫ് ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയായി ഉയർന്നുവരുന്നു. കൂടാതെ 89 ലക്ഷത്തോളം വരുന്ന വലിയ ഇന്ത്യൻ പ്രവാസി സമൂഹം ഈ ഗൾഫ് നാടുകളിൽ ഉപജീവനം നടത്തുന്നു. വിവിധ മേഖലകളിൽ ഇന്ത്യയും ഗൾഫും തമ്മിലുള്ള വ്യവസ്ഥാപിതമായ സഹകരണം അവലോകനം ചെയ്യുന്നതിനും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള അവസരമായിരിക്കും വിദേശകാര്യ മന്ത്രിമാരുടെ യോഗമെന്നും വാർത്താക്കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു.
റിയാദിലെ സന്ദർശനം പൂർത്തിയാക്കി പിറ്റേന്ന് (ചൊവ്വാഴ്ച) വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രണ്ട് ദിവസത്തെ ഔദ്യോഗിക പര്യടന പരിപാടികളുമായി ജർമനിയിലെ ബെർലിനിലേക്ക് പോകും. മന്ത്രി എന്ന നിലയിൽ ബെർലിനിലേക്കുള്ള അദ്ദേഹത്തിെൻറ മൂന്നാമത്തെ സന്ദർശനമാണിത്. ഇന്ത്യയും ജർമനിയും ശക്തമായ തന്ത്രപരമായ പങ്കാളിത്തമാണ് പങ്കിടുന്നതെന്നും ജർമനി ഇന്ത്യയുടെ പ്രമുഖ വ്യാപാര പങ്കാളികളിൽ ഒന്നും ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപകരുമാണെന്നും വിദേശകാര്യ മന്ത്രാലയത്തിെൻറ വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു. തുടർന്നുള്ള രണ്ട് ദിവസം ജനീവയിലും സന്ദർശനം നടത്തും.
റിയാദിലെത്തിയ മന്ത്രി ജയശങ്കർ ബത്ഹക്ക് സമീപം മുറബ്ബയിലുള്ള സൗദി നാഷനൽ മ്യൂസിയവും കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർകൈവ്സും സന്ദർശിച്ചു. മ്യൂസിയം അധികൃതർ അദ്ദേഹത്തെ ഊഷ്മളമായി വരവേറ്റു. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.