ജിദ്ദ: മനുഷ്യജീവിതത്തിൽ നഷ്ടപ്പെട്ടുപോയിട്ട് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത രണ്ട് കാര്യങ്ങളാണ് സമയവും ആയുസ്സും എന്നും സാമൂഹ്യ മാധ്യമങ്ങളിൽ സമയത്തെ പാഴാക്കി കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയും വാഗ്മിയുമായ ബരീർ അസ്ലം.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ ‘തിരിച്ചുകിട്ടാത്ത സമ്പത്ത്’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് മനുഷ്യർ വഞ്ചിതരായിരിക്കുന്നു. അത് ആരോഗ്യവും ഒഴിവുസമയവുമാണ്.
മരണശേഷം നരകവാസികളുടെ ദയനീയതയെക്കുറിച്ച് ഖുർആൻ അനാവരണം ചെയ്യുന്നുണ്ട്. അതാകട്ടെ അനാവശ്യമായി അവൻ സമയം പാഴാക്കിയതിനെ കുറിച്ചാണ്. സൽപ്രവർത്തന ശൂന്യമായ സമയമാണ് മനുഷ്യന് വിനയാകുന്നതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.
മനുഷ്യബന്ധങ്ങളിൽ വിള്ളലേൽപ്പിക്കാൻ നാവിന്റെ തെറ്റായ ഉപയോഗം കാരണമാകുന്നുവെന്ന് ചുഴലി സ്വലാഹുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. അനാവശ്യമായ സംസാരങ്ങളിൽനിന്ന് മാറിനിൽക്കാൻ അദ്ദേഹം സദസ്യരെ ഉദ്ബോധിപ്പിച്ചു.
തന്റെ സുഹൃത്തുക്കളെ ആംഗ്യം കൊണ്ടോ കുത്തുവാക്കുകൾ കൊണ്ടോ വേദനിപ്പിക്കുന്നവർക്ക് കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം ഖുർആനിന്റെ വെളിച്ചത്തിൽ താക്കീത് നൽകി. എ.പി ജൗഹറും സംസാരിച്ചു. ശിഹാബ് സലഫി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും മുസ്തഫ ദേവർശോല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.