റിയാദ്: സൗദി അറേബ്യയിൽ നിരോധനം നീക്കിയ ശേഷം സിനിമാവ്യവസായം വൻ കുതിപ്പിൽ. ഓരോ വർഷം പിന്നിടുമ്പോഴും വിറ്റുവരവ് വൻതോതിൽ അഭിവൃദ്ധിപ്പെടുകയാണ്. 2024ൽ സൗദിയിലുടനീളം വിറ്റുപോയ സിനിമാടിക്കറ്റുകളുടെ എണ്ണം 1.75 കോടിയായി. ഇതിലൂടെ വ്യവസായത്തിലേക്ക് വന്നുചേർന്നത് 84.6 കോടി റിയാൽ. സിനിമാവ്യവസായം സംബന്ധിച്ച വാർഷിക റിപ്പോർട്ടുകൾ അവലോകനം ചെയ്ത് സൗദി ഫിലിം കമീഷനാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
പ്രാദേശിക സിനിമയിലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ സൗദി സിനിമകൾ ഒന്നാം സ്ഥാനത്താണെന്നു കമീഷൻ വൃത്തങ്ങൾ പറഞ്ഞു. 2024ൽ നാല് ഭൂഖണ്ഡങ്ങളിലെ 11 രാജ്യങ്ങളിലേക്ക് സൗദി സിനിമകളെത്തി. അവിടങ്ങളിൽ 14 തദ്ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ സൗദി സിനിമകൾ പ്രദർശിപ്പിച്ചു. പരിശീലന, വികസന സംരംഭങ്ങളുടെ ഭാഗമായി കമീഷൻ 150 വിദ്യാർഥികളെ സ്കോളർഷിപ്പ് നൽകി ചലച്ചിത്ര പഠനത്തിനായി വിദേശങ്ങളിലേക്ക് അയച്ചു.
130 പരിശീലന പരിപാടികൾ രാജ്യത്ത് സംഘടിപ്പിച്ചു. അതിൽ 80 പ്രത്യേക പരിശീലകർ ക്ലാസുകൾ നയിച്ചു. 4,700 പുരുഷന്മാരും സ്ത്രീകളും പരിശീലനം നേടിയെന്നും കമീഷൻ പറഞ്ഞു. കമീഷൻ 66 സിനിമകൾക്ക് പിന്തുണ നൽകുകയും രാജ്യത്തിന് പുറത്ത് 18 സൗദി ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ‘സൗദി മൂവി നൈറ്റ്സ്’ പോലുള്ള പരിപാടികളിലൂടെ ലോകമെമ്പാടുമുള്ള 2,700ലധികം ആളുകൾ സൗദി സിനിമകൾ കണ്ടു.
2024ൽ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലായി ഒമ്പത് ഇവൻറുകളിൽ കമീഷൻ പങ്കെടുത്തു. കൂടാതെ ഏഴ് പ്രാദേശിക, അന്തർദേശീയ അവാർഡുകൾ സൗദി സിനിമകൾ നേടി. ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകൾക്കായി 1,047 അപേക്ഷകളിന്മേൽ നടപടികൾ കൈക്കൊണ്ടു. ഗ്രന്ഥങ്ങൾ എഡിറ്റുചെയ്യുന്നതിന് 523 ലൈസൻസുകളും ദൃശ്യ-ശ്രവ്യ ഉള്ളടക്ക നിർമാണത്തിന് 63 പ്രൊഡക്ഷൻ ലൈസൻസുകളും നൽകിയതായി കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.