ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ ഘട്ടംഘട്ടമായി സാധാരണ ക്ളാസുകൾ തുടങ്ങുന്നു

ജിദ്ദ: കോവിഡിനെ തുടർന്ന് രണ്ട് വർഷത്തോളമായി നിർത്തിവെച്ചിരുന്ന ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ സാധാരണ ക്ളാസുകൾ വീണ്ടും പുനരാരംഭിക്കുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശത്തെതുടർന്നാണ്‌ ക്ളാസുകൾ ആരംഭിക്കുന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ അറിയിച്ചു.

കെ.ജി മുതൽ 12 വരെ ക്ളാസുകൾ ഘട്ടംഘട്ടമായാണ് ആരംഭിക്കുക. പത്ത്, പന്ത്രണ്ട് ക്ളാസുകൾ ചൊവ്വാഴ്ച തുറന്നു. ഒമ്പത്, പതിനൊന്ന് ക്‌ളാസുകൾ നാളെ (വ്യാഴം) മുതൽ ആരംഭിക്കും. ആറ്, ഏഴ്, എട്ട് ക്ളാസുകൾ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച മുതലും കെ.ജി മുതൽ അഞ്ച് വരെ ക്‌ളാസുകൾ ഫെബ്രുവരി ആറ് ഞായറാഴ്ചയുമാണ് ആരംഭിക്കുക. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്‌ളാസുകളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.10 വരെയും കെ.ജി ക്ളാസുകളിൽ എട്ട് മുതൽ ഉച്ചക്ക് 12.15 വരെയുമായിരിക്കും അധ്യായനം നടക്കുക.

പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും ക്‌ളാസുകൾ ഉണ്ടായിരിക്കും. എന്നാൽ മറ്റു ക്‌ളാസുകളിലെ കുട്ടികളെ അതാത് ക്‌ളാസ് ടീച്ചർമാർ വിവിധ ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ദിവസങ്ങളിലായിട്ടായിരിക്കും ക്ളാസുകൾ നടക്കുക. ക്‌ളാസുകൾ നടക്കാത്ത ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്നും പഠിക്കാനുള്ള കാര്യങ്ങൾ കൃത്യമായി സ്‌കൂളിൽ നിന്നും നൽകും.

വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സ്‌കൂൾ കോമ്പൗണ്ടിൽ കാന്റീൻ പ്രവർത്തിക്കില്ല, അതിനാൽ വിദ്യാർത്ഥികൾ വെള്ളം, ലഘുഭക്ഷണം എന്നിവ സ്വന്തമായി കൊണ്ടുവരണം. പനി പോലുള്ള അസുഖ ലക്ഷണങ്ങൾ ഉള്ള കുട്ടികളെ രക്ഷിതാക്കൾ സ്‌കൂളിൽ അയക്കരുത്. സ്‌കൂൾ നേരിട്ടുള്ള ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ഉണ്ടാവില്ല, അതിനാൽ കുട്ടികളെ രക്ഷിതാക്കൾ തന്നെ സ്‌കൂളിൽ എത്തിക്കുകയും തിരിച്ചു കൊണ്ടുപോവുകയും വേണം. സ്‌കൂളിലുടനീളം കുട്ടികൾ ഫേസ് മാസ്ക് അണിഞ്ഞിരിക്കണം, സാമൂഹിക അകലം പാലിക്കൽ, കൈകൾ സാനിറ്റൈസർ ചെയ്യൽ, ശരീര ഊഷ്മാവ് പരിശോധിക്കൽ തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കുട്ടികൾ പാലിക്കണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Tags:    
News Summary - Jeddah Indian School begins regular classes in stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.