ജിദ്ദ: ഇന്ത്യൻ സമൂഹം കൂടുതൽ ആശ്രയിക്കുന്ന ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ യാത്രാസൗകര്യം ഉടൻ പുനരാരംഭിക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സാധാരണ ക്ലാസുകൾ ഈ മാസം ആദ്യത്തോടെ വീണ്ടും ആരംഭിച്ചെങ്കിലും സ്കൂൾ മുൻകൈയെടുത്തു നടത്തിയിരുന്ന കുട്ടികളുടെ ബസ് സൗകര്യം പുനരാരംഭിച്ചിട്ടില്ല.
അതിനാൽ കെ.ജി മുതൽ പ്ലസ് ടു വരെയുള്ള തങ്ങളുടെ കുട്ടികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്. രാവിലെ എട്ട് മുതൽ ഒരുമണിവരെയാണ് മിക്ക ക്ലാസുകളും. ഗേൾസ് സെക്ഷൻ, ബോയ്സ് സെക്ഷൻ, കിന്റർ ഗാർട്ടൻ സെക്ഷൻ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.
ഈ മൂന്നുസ്ഥലങ്ങളിലേക്കും കുട്ടികളെ രാവിലെ എത്തിക്കുകയും സ്കൂൾ വിടുന്നതോടെ അവരെ കൃത്യസമയത്തുതന്നെ കൂട്ടിക്കൊണ്ടുവരുകയും ചെയ്യുക എന്നത് രക്ഷിതാക്കൾക്ക് ശ്രമകരമാണ്. റോഡുകളിൽ പൊതുവേ തിരക്കേറുന്ന ഉച്ചസമയത്ത് ഓഫിസുകളിലും മറ്റും ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടാൻപോവുക പ്രയാസമാണ്. സ്വന്തമായി വാഹനം ഇല്ലാത്തവർ സ്വകാര്യ വാഹനങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നത്. അതിലൂടെ വരുന്ന അധിക സാമ്പത്തിക ഭാരവും കുട്ടികളുടെ സുരക്ഷിതത്വത്തിലുള്ള ആധിയും പലരെയും കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നു. അതോടൊപ്പം പുതിയ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജിദ്ദയിലെ കെട്ടിടങ്ങൾ പൊളിച്ചതുമൂലം വാടകയിലുണ്ടായ വർധന കൂടിയാകുമ്പോൾ ശരാശരി പ്രവാസിയുടെ അവസ്ഥ വളരെ പ്രയാസത്തിലാണ്. അധികൃതർ ഇക്കാര്യത്തിൽ ഇടപെട്ട് വാഹന സൗകര്യം ഒരുക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രവാസി സംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.