ജിദ്ദ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനുള്ള പ്രവാസി വോട്ടർമാരെയും വഹിച്ച് ജിദ്ദ കെ.എം.സി.സിയുടെ ആദ്യ വോട്ട് വിമാനം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി. സ്പൈസ് ജെറ്റിന്റെ SG36 വിമാനത്തിൽ 190 യാത്രക്കാരുമായാണ് ശനിയാഴ്ച ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനതാവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. വിമാനത്താവളത്തിൽ വോട്ടർമാരെ യാത്രയയക്കാൻ കെ.എം.സി.സി നാഷനൽ കമ്മിറ്റി രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പാലം, നാസർ മച്ചിങ്ങൽ, അശ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട എന്നിവരും സ്പെസ് ജെറ്റിന്റെ എയർപോർട്ട് മാനേജർ സിറാജ്, അൽ ജൗഫ് റഊഫ് എന്നിവരും എത്തിയിരുന്നു. കെ.എം.സി.സി എന്ന് രേഖപ്പെടുത്തിയ മനോഹരമായ ഷാളുകൾ ധരിപ്പിച്ചാണ് ഓരോ വോട്ടർമാരെയും വിമാനത്തിലേക്ക് യാത്രയാക്കിയത്.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, കോഴിക്കോട് ജില്ല പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, മലപ്പുറം ജില്ല സെക്രട്ടറി ടി.പി സുഹൈൽ, ഏറനാട് മണ്ഡലം സെക്രട്ടറി മൊയ്തീൻകുട്ടി കാവനൂർ, ഖുലൈസ് ഏരിയ സെക്രട്ടറി അബ്ദുൽ അസീസ്, ഷബീബലി കൊടക്കാട്, മജീദ് മങ്കട തുടങ്ങിയ നേതാക്കളാണ് യാത്രാ സംഘത്തിന് നേതൃത്വം നൽകിയ പ്രധാനികൾ. വരുംദിവസങ്ങളിൽ നൂറുകണക്കിന് വോട്ടർമാരെയും വഹിച്ച് കൂടുതൽ വിമാനങ്ങൾ ജിദ്ദയിൽ നിന്ന് സർവിസ് നടത്തുമെന്ന് ജിദ്ദ കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.