ജിദ്ദ: നവോദയ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ധമാക്ക ധമാക്ക 2023' മെഗാ സ്പോർട്സ് മീറ്റ് ഈ മാസം 12ന് രാവിലെ എട്ടു മുതൽ ഖുവൈസ ടർഫ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ നവോദയക്ക് കീഴിലുള്ള ജിദ്ദ, മക്ക, മദീന, യാംബു, ത്വാഇഫ് എന്നിവിടങ്ങളിലെ 12 ഏരിയ കമ്മിറ്റികളിൽനിന്നുള്ള 500ഓളം പേർ 30ലധികം ട്രാക്ക് ആൻഡ് ഫീൽഡ് ഗെയിംസ് ഇനങ്ങളിൽ മാറ്റുരക്കും.
രാവിലെ ഒമ്പതിന് നടക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റിൽ 12 ഏരിയകളിൽനിന്നുള്ളവർ വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞു അണിചേരും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് അനുയോജ്യമായ വിവിധ മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ജൂനിയർ, സീനിയർ എന്നിങ്ങനെ കാറ്റഗറികളായി തിരിച്ചും വനിതകളെയും പുരുഷന്മാരെയും വെവ്വേറെ വിഭാഗങ്ങളായി തിരിച്ചുമായിരിക്കും മത്സരങ്ങൾ. കൊച്ചുകുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.
കുട്ടികൾക്ക് ഓട്ടം, ചാക്ക് റൈസ്, ലോങ് ജംപ്, ലെമൺ ആൻഡ് സ്പൂൺ തുടങ്ങിയ ഇനങ്ങളിലും സ്ത്രീകൾക്ക് ഓട്ടം, ലെമൺ ആൻഡ് സ്പൂൺ, ഷോട്ട് പുട്ട്, കസേര കളി എന്നീ ഇനങ്ങളിലും പുരുഷന്മാർക്ക് ഓട്ടം, ലോങ് ജംപ്, 110 മീറ്റർ ഹർഡിൽസ് ഓട്ടം തുടങ്ങിയ ഇനങ്ങളിലും വ്യക്തിഗത മത്സരങ്ങൾ ഉണ്ടാവും. സ്ത്രീകൾക്ക് വടംവലി, ഷൂട്ട് ഔട്ട് എന്നീ ഇനങ്ങളിലും പുരുഷന്മാർക്ക് റിലേ ഓട്ടം, ക്രിക്കറ്റ് ബാൾ ഔട്ട്, ഷൂട്ട് ഔട്ട്, വടംവലി എന്നീ ഇനങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളും നടക്കും.
സ്‌പോർട്സ് മീറ്റിൽ വിജയികളാവുന്നവർക്കുള്ള സമ്മാനദാനം ഈ മാസം 18ന് വൈകീട്ട് 7.30ന് ഷറഫിയ സമ്മർ റോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ പരിപാടിയിൽ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കായികവേദി കൺവീനർ അബ്ദുള്ള മുല്ലപ്പള്ളി, കോഓർഡിനേറ്റർ ജുനൈസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.