ജിദ്ദ: ജിദ്ദ പൊതു ഗതാഗത പദ്ധതിക്ക് കീഴിലെ കോർണിഷ് ട്രാം, കടൽ ടാക്സി, അബ്ഹുർ തൂക്ക് പാലം എന്നിവ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ ഗവൺമെൻറ് അനുമതി നൽകി. പദ്ധതി സ്വകാര്യ മേഖലയിൽ നടപ്പിലാക്കാൻ മക്ക ഗവർണറും ജിദ്ദ പൊതുഗതാഗത പദ്ധതി മേൽനോട്ട ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ ഗവൺമെൻറിനോട് നേരത്തെ ആവശ്യെപട്ടിരുന്നു.
പദ്ധതിക്ക് അനുമതി ലഭിച്ചതോടെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മേഖല ഗവർണറേറ്റ് സംയോജിത വികസന കേന്ദ്രം, ജിദ്ദ മെട്രോ കമ്പനി എന്നിവരുൾപ്പെട്ട സംഘം രൂപവത്കരിച്ചിട്ടുണ്ട്. നാല് ലൈനുകളോട് കൂടിയ മെട്രോ ട്രെയിൻ പദ്ധതി, ബസ് സർവീസ്, കടൽ ഗതാഗത സർവീസ്, അബ്ഹുർ തുക്ക് പാലം, കോർണിഷ് ട്രാം എന്നിവ ഉൾപ്പെട്ടതാണ് ജിദ്ദ പൊതു ഗതാഗത പദ്ധതി.
ജിദ്ദ കോർണിഷിലാണ് ട്രാം പദ്ധതി. വടക്ക് 15 കിലോ മീറ്ററിലാണ് ഇതു നടപ്പിലാക്കുന്നത്. 15 സ്റ്റേഷനുകളോട് കൂടിയ പദ്ധതിയിൽ മണിക്കൂറിൽ 2300 യാത്രക്കാരെ ഉൾക്കൊള്ളാനാകും. വടക്ക് കോർണിഷ് ഭാഗത്തെ ജിദ്ദയുടെ മധ്യഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് കടൽ ടാക്സി.
29 സ്റ്റേഷനുകളോട് കൂടിയ പദ്ധതിക്ക് കീഴിൽ ദിവസവും ഏകദേശം 29000 യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നാണ് കണക്ക് കൂട്ടൽ. വടക്ക് കോർണിഷിനെ തെക്ക് കോർണിഷുമായി ബന്ധിപ്പിക്കുന്നതാണ് അബ്ഹുർ തൂക്ക് പാലം പദ്ധതി. പാലത്തിന് 350 മീറ്റർ നീളവും 74 മീറ്റർ വീതിയുമുണ്ടാകും. രണ്ട് ഭാഗങ്ങളിലായി എട്ട് വരി പാതയുള്ള പാലം ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് തൂക്കു പാലങ്ങളിലൊന്നായിരിക്കും.
കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പാലത്തിന്മേൽ വെവ്വേറെ പാതകളുണ്ടായിരിക്കും.
നാല് വർഷം മുമ്പാണ് ജിദ്ദ പൊതുഗതാഗത പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകിയത്. പദ്ധതി സംബന്ധിച്ച വിശദമായ പഠനങ്ങൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.