വെള്ളിയാഴ്ച വൈകീട്ട് ആറോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താളവത്തിൽ ഇറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ മക്ക ഗവർണർ അമീർ ഖാലിദ് ബിൻ ഫൈസലും അമേരിക്കയിലെ സൗദി അംബാസഡർ അമീറ​ റീമ ബിൻത്​ ബന്ദറും ചേർന്ന് സ്വീകരിക്കുന്നു

ജിദ്ദ: രണ്ടുദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയിലെത്തി. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപ്പോർട്ടിലാണ് ജോ ബൈഡനെയും വഹിച്ചുള്ള എയർ​ഫോഴ്സ് വൺ വിമാനം ഇറങ്ങിയത്. ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ടെൽഅവീവിൽ നിന്ന് നേരിട്ട് ജിദ്ദയിലേക്ക് പറക്കുകയായിരുന്നു.

രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ അമീർ ഖാലിദ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ​ റീമ ബിൻത്​ ബന്ദർ എന്നിവ ചേർന്നാണ് വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിച്ചത്. സൗദിയിലെ യു.എസ് എംബസി ചാർജ് ഡി ​അഫയേഴ്സ് മാർട്ടിന് ​സ്ട്രോങ്, ജിദ്ദയിലെ യു.എസ് കോൺസുൽ ജനറൽ ഫാരിസ് അസാദ് എന്നിവരും സ്വീകരിക്കാനെത്തി.

പ്രസിഡന്റ് എന്ന നിലയിൽ ജോ ബൈഡന്റെ ആദ്യ സൗദി സന്ദർശനമാണിത്. മാത്രമല്ല മധ്യപൗരസ്ത്യമേഖലയിലേക്കുള്ള ആദ്യ യാത്രയും. അധികാരത്തിലെത്തിയ ശേഷം സൗദിയിലേക്ക് വരലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റിന്റെ ഈ സന്ദർശനം ഗൗരവത്തോടെയാണ് ലോക മാധ്യമങ്ങൾ കാണുന്നത്. ഈ മാസം 13ന് ഇസ്രായേലിൽ എത്തിയ അദ്ദേഹം വെസ്റ്റ് ബാങ്ക് കൂടി സന്ദർശിച്ച ശേഷമാണ് വെള്ളിയാഴ്ച വൈകീട്ടോടെ സൗദിയിലേക്ക് പറന്നത്. 

സൗദിയിൽ വേനൽക്കാലത്ത് ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ഇതാദ്യമായാണ്. മുൻ പ്രസിഡന്റുമാരുടെ സന്ദർശനങ്ങളെല്ലാം നടന്നത് തണുപ്പുകാലങ്ങളിലാണ്. ജിദ്ദയിൽ എത്തിയ ബൈഡൻ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സലാം കൊട്ടാരത്തിൽ എത്തി സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും. ഹജ്ജുമായി ബന്ധപ്പെട്ട് സൗദി ഭരണനേതൃത്വം നിലവിൽ ജിദ്ദയിലാണുള്ളത്.

ചില സുപ്രധാന അജണ്ടകളുമായാണ് പ്രസിഡന്റിന്റെ സൗദി സന്ദർശനം. ആഗോള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ വില കുറയ്ക്കാൻ സൗദിയോട് കൂടുതൽ എണ്ണ വിതരണം ആവശ്യപ്പെടലാണ് ഒന്ന്. എണ്ണവിലയുടെ ബലത്തിൽ റഷ്യ നടത്തുന്ന യുക്രൈൻ അധിനിവേശത്തെ സമ്മർദത്തിലാക്കലും അമേരിക്കൻ ലക്ഷ്യമാണ്. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി പൂർണമായും നിർത്തലും യു.എസിന് കൂടുതൽ എണ്ണ വിതരണം സൗദിയിൽ നിന്നും ഉറപ്പു വരുത്തലും മറ്റൊരു ലക്ഷ്യമാണ്. എന്നാൽ റഷ്യയുമായി മികച്ച ബന്ധമുള്ള സൗദി ഇതിന് മുതിരുമോ എന്നത് ലോകം കാത്തിരിക്കുന്ന ഉത്തരമാണ്.

ക്രൂഡ് ഓയിൽ ഉത്പാദനത്തിലെ മെഷീനുകൾ തണുപ്പിക്കാനുള്ള ഇന്ധനം സൗദി ഇപ്പോൾ ഇരട്ടിയിലേറെ വാങ്ങുന്നതും റഷ്യയിൽ നിന്നാണ്. ഇറാന്റെ ഭീഷണിയെ മേഖലയിൽ നേരിടാനുള്ള മാർഗങ്ങൾ ആരായാലും ബൈഡന്റെ സന്ദർശന ലക്ഷ്യങ്ങളിലൊന്നാണ്. ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന സൗദി-അമേരിക്കൻ, അറബ്-അമേരിക്കൻ, 43-ാമത് ജി.സി.സി ഉച്ചകോടികളിൽ ബൈഡൻ പ​ങ്കെടുക്കും. ജി.സി.സി അംഗരാഷ്ട്രങ്ങൾക്ക് പുറമെ ജോർദാൻ, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരും പങ്കെടുക്കുന്നുണ്ട്. ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി ലോകത്തെ എല്ലാ രാജ്യങ്ങൾക്കുമായി തങ്ങളുടെ വ്യോമ പാത തുറന്നിട്ടതായി സൗദി സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ ഈ തീരുമാനം നടപ്പായി.

Tags:    
News Summary - Joe Biden's visit to Saudi Arabia begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.