ജുബൈൽ: അവധികഴിഞ്ഞു തിരിച്ച് സൗദിയിൽ എത്തി സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്കുള്ള യാത്രക്കിടെയുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തൃച്ചി വാസൻ വാലി വയലൂർ റോഡിൽ സിറാജുദ്ദീൻ (45) ആണ് മരിച്ചത്.
വാഹനമോടിച്ചിരുന്ന തിരുവന്തപുരം സ്വദേശി അജികുമാറിനെ ഗുരുതര പരിക്കുകളോടെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഹുസൈൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് അപകടം ഉണ്ടായത്.
ദമ്മാമിൽ വിമാനമിറങ്ങിയ സിറാജുദ്ദീനെ കൂട്ടിക്കൊണ്ടുപോകാൻ ഖഫ്ജിയിൽ നിന്നും എത്തിയതായിരുന്നു അജികുമാറും ഹുസൈനും. ദമ്മാമിൽ നിന്നും ഖഫ്ജിയിലേക്കുള്ള യാത്രക്കിടെ ജുബൈൽ വ്യവസായ മേഖല രണ്ടിൽ 'സദാറ' പെട്രോ കെമിക്കൽ കമ്പനിക്ക് സമീപം ആയിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഇവരുടെ ടൊയോട്ട കാംരി കാറിൽ എതിർവശത്തുനിന്നും നിയന്ത്രണം തെറ്റിവന്ന സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സിറാജ് മരിച്ചിരുന്നു. അജികുമാറിനെ പ്രാഥമിക ചികത്സ നൽകി ദമ്മാം ആശുപത്രിയിലേക്ക് മാറ്റി. അജികുമാർ ആണ് വാഹനം ഓടിച്ചിരുന്നത്. പിന്നിൽ ഇരുന്ന തമിഴ്നാട് സ്വദേശി ഹുസൈനെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് വിട്ടു. മൂവരും ഖഫ്ജിയിൽ ഒരു മുറിയിലാണ് താമസിച്ചിരുന്നത്.
ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സലിം ആലപ്പുഴ, യാസീൻ അഹമ്മദ്, രാജേഷ് കായംകുളം എന്നിവർ അറിയിച്ചു. ആസിയ ബാനുവാണ് സിറാജിെൻറ ഭാര്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.