റിയാദ്: ഈ വർഷത്തെ കിങ് ഫൈസൽ അന്താരാഷ്ട്ര അവാർഡുകൾ പ്രഖ്യാപിച്ചു. റിയാദ് അൽ ഫൈസലിയ സെന്ററിലെ അമീർ സുൽത്താൻ ഗ്രാൻഡ് ഹാളിൽ നടന്ന ചടങ്ങിൽ കിങ് ഫൈസൽ ഫൗണ്ടേഷൻ ഭാരവാഹികൾ ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചു. ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനങ്ങൾ, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ചു ശാഖകളിൽ അന്താരാഷ്ട്രതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കും സ്ഥാപനങ്ങൾക്കുമാണ് കിങ് ഫൈസൽ അവാർഡ് നൽകിവരുന്നത്. നാലു ശാഖകളിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ഇസ്ലാമിക സേവനത്തിനുള്ള അവാർഡ് ജേതാവിനെ ഈ മാസം അവസാനമാണ് പ്രഖ്യാപിക്കുക.
ഇസ്ലാമിക പഠനത്തിനുള്ള കിങ് ഫൈസൽ അവാർഡ് സൗദി പൗരന്മാരും റിയാദ് കിങ് സഊദ് സർവകലാശാല പ്രഫസർമാരുമായ ഡോ. സഅദ് ബിൻ അബ്ദുൽ അസീസ് അൽറഷീദ്, ഡോ. സഈദ് ബിൻ ഫായീസ് അൽസഈദ് എന്നിവർക്കാണ്. ‘അറേബ്യൻ ഉപദ്വീപിലെ പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച പഠനങ്ങൾ’ എന്ന വിഷയത്തിലാണ് ഇരുവർക്കും പുരസ്കാരം.
അറബിക് ഭാഷക്കും സാഹിത്യത്തിനുമുള്ള കിങ് ഫൈസൽ അവർഡിന് ഇത്തവണ ആരെയും തിരഞ്ഞെടുത്തിട്ടില്ല. വിഷയം ‘അറബിക് സാഹിത്യത്തിലെ സ്വത്വത്തെ കൈകാര്യം ചെയ്യുന്ന പഠനങ്ങൾ’ എന്നതായിരുന്നു. എന്നാൽ, നാമനിർദേശം ചെയ്യപ്പെട്ട കൃതികൾ അവാർഡിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലാത്തതിനാൽ ഈ വർഷം അവാർഡ് നൽകേണ്ടതില്ലെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
വൈദ്യശാസ്ത്രത്തിനുള്ള അവാർഡ് കനേഡിയൻ പൗരനും യു.എസിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിങ് സെന്ററിലെ പ്രഫസറുമായ ഡോ. മൈക്കൽ സാഡെലിനാണ്. വിഷയം ‘സെല്ലുലാർ തെറപ്പി’ ആണ്. ശാസ്ത്രത്തിനുള്ള അവാർഡ് ജാപ്പനീസ് പൗരനായ പ്രഫസർ ഡോ. സുമിയോ ഐജിമക്കാണ്. വിഷയം ഫിസിക്സ്.
കിങ് ഫൈസൽ ചാരിറ്റബിൾ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ അമീർ ബന്ദർ ബിൻ സഊദ് ബിൻ ഖാലിദിന്റെ പ്രഭാഷണത്തോടെയാണ് അവാർഡ് പ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചത്. കിങ് ഫൈസൽ അവാർഡ് അറബ്, ഇസ്ലാമിക, അന്തർദേശീയ ശാസ്ത്ര-അക്കാദമിക് സർക്കിളുകളിൽ ശ്രദ്ധേയമായ സാന്നിധ്യം നേടിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
ലോക ഭൂഖണ്ഡങ്ങളിൽനിന്നുള്ള 45 രാജ്യങ്ങളെ പ്രതിനിധീകരിച്ച് അവാർഡ് ജേതാക്കളുടെ എണ്ണം സ്ത്രീകളടക്കം 295 ആയി. ഓരോ വർഷവും ജനുവരിയിൽ അവാർഡ് പ്രഖ്യാപനത്തിലേക്ക് ലോകം ശ്രദ്ധ തിരിക്കുന്നു. വിജയികളെ അറിയാൻ കാത്തിരിക്കുകയാണ്. വിവിധ മേഖലകളിൽ അവർ കൈവരിച്ച വിശിഷ്ടമായ ശാസ്ത്രനേട്ടങ്ങൾ കണക്കിലെടുത്താണിതെന്നും ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ പറഞ്ഞു.
2025ലെ കിങ് ഫൈസൽ അവാർഡ് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കുന്ന പരിപാടിയിൽ പങ്കെടുത്തതിന് എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ പറഞ്ഞു.
കിങ് ഫൈസൽ അവാർഡ് സെലക്ഷൻ കമ്മിറ്റികളുടെ യോഗം ജനുവരി ആറു മുതൽ എട്ടു വരെ ചേർന്നതായി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസബീൽ പറഞ്ഞു. ആ നാലു കമ്മിറ്റികളുടെ തീരുമാനങ്ങളാണ് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ജൂറിയിൽ 16 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും പണ്ഡിതരുമാണ് ഉൾപ്പെട്ടിരുന്നത്. അവാർഡ് ജനറൽ സെക്രട്ടേറിയറ്റ് നിശ്ചയിച്ച ചട്ടങ്ങൾക്കനുസൃതമായി വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ സമർപ്പിച്ച കൃതികൾ വിലയിരുത്തുന്നതിനും വിജയികളെ തെരഞ്ഞെടുക്കുന്നതിനുമായി അവർ റിയാദിൽ യോഗം ചേർന്നിരുന്നു.
1977ലാണ് കിങ് ഫൈസൽ അവാർഡ് സ്ഥാപിച്ചത്. 1979ൽ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു. അഞ്ചു ശാഖകളിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശിഷ്ടമായ പ്രവർത്തനങ്ങളെ ആദരിക്കുന്നു. മുസ്ലിംകളെ അവരുടെ വർത്തമാനത്തിലും ഭാവിയിലും സേവിക്കുക, നാഗരികതയുടെ എല്ലാ മേഖലകളിലും സംഭാവന നൽകാൻ അവരെ പ്രചോദിപ്പിക്കുക, മനുഷ്യവിജ്ഞാനം സമ്പന്നമാക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.