ജുബൈൽ: ലോകത്തെ വലിയ വ്യവസായ നഗരങ്ങളിലൊന്നായ ജുബൈലിന്റെ ഭാഗമാണ്, ആധുനികതയും പ്രകൃതി സൗന്ദര്യവും ഇഴചേരുന്ന കിലോമീറ്ററുകളോളം നീളുന്ന ബീച്ചുകളാൽ സമ്പന്നമായ ജുബൈൽ റോയൽ കമീഷൻ മേഖല. തിരകളില്ലാത്ത ശാന്തമായ കടൽ ഇവിടെയെത്തുന്ന ഏതൊരാൾക്കും സന്തോഷവും സമാധാനവും പകരുന്ന അനുഭവമാണ്. ജുബൈൽ നഗരമധ്യത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണിത്.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ ജോലിക്കാർക്കുള്ള പാർപ്പിട സമുച്ചയങ്ങളും ടൗൺഷിപ്പും കൂടി അടങ്ങിയതാണ് ഈ പ്രദേശം. ഇബ്ൻ തൈമിയ്യ പള്ളി ഉൾപ്പെടെ മനോഹരമായ പള്ളികൾ, ധാരാളം പുൽത്തകിടികൾ, ശുദ്ധജല സമൃദ്ധി, പാർക്കുകൾ, റോമൻ തിയറ്ററുകൾ പോലെയുള്ള നിർമിതികൾ ഒക്കെ അടങ്ങിയ പ്രദേശം മനോഹരമായ നടപ്പാതകളും റോഡുകളും കൊണ്ട് സമ്പന്നമാണ്.
നിരവധി റെസ്റ്റാറന്റുകളും കോഫി ഷോപ്പുകളും ഇവിടെ പ്രവർത്തിക്കുന്നു. വൈകുന്നേരങ്ങളിൽ ബീച്ചുകളെല്ലാം കുടുംബങ്ങളുടെയും കുട്ടികളുടെയും ചിരികളികളാൽ മുഖരിതമാകും. മങ്ങിയ വെളിച്ചത്തിൽ ശാന്തമായ കടൽ കാറ്റേറ്റ് വിടരുന്ന സൗഹൃദങ്ങളും സന്തോഷം പകരുന്ന കാഴ്ചയാണ്. ഫനാതീർ സീ-ക്ലബും അനുബന്ധ ടെന്നിസ്, ഫുട്ബാൾ, വോളിബാൾ കോർട്ടുകളും നിരവധി ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഡിഫി, ഫാറൂഖ്, ജൽമൂദ, ഹിജാസ്, ഹുവൈലാത്ത്, ഖലീജ് തുടങ്ങി വിവിധ ഡിസ്ട്രിക്ടുകളായി വേർതിരിഞ്ഞിരിക്കുന്ന ഈ മേഖലയിൽ ഓരോയിടത്തും സൂപ്പർമാർക്കറ്റുകൾ, റസ്റ്റാറന്റുകൾ, പ്രാഥമികാരോഗ്യാലയങ്ങൾ, സ്പെഷാലിറ്റി ആശുപത്രി, പാർക്കുകൾ, ജിം എന്നിവയും പ്രവർത്തിക്കുന്നു.
ജൽമൂദയോട് ചേർന്നുളള അബു അലി ദ്വീപും മറ്റു ദ്വീപുകളും വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്നു. റോയൽ കമീഷന്റെയും ജുബൈലിലെ പ്രമുഖ കമ്പനികളുടെയും വിശാലമായ സൗകര്യങ്ങളുള്ള ബീച്ച് ക്യാമ്പുകൾ ഇവിടെ ഉണ്ട്.
1200 പേർക്ക് ഇരിക്കാൻ കഴിയുന്ന കിങ് അബ്ദുല്ല കൾചറൽ സെന്റർ, 400 പേർക്ക് ഇരിക്കാൻ കഴിയുന്ന ഫനാതീർ കോൺഫറൻസ് ഹാൾ, റോബോട്ടിക്സിന് പ്രാധാന്യം നൽകുന്ന നോളജ് ആൻഡ് ക്രിയേറ്റിവിറ്റി സെന്റർ എന്നിവ ഏത് ആധുനിക പട്ടണത്തോടും കിടപിടിക്കുന്നതാണ്. ഇവിടെയടുത്തായി നാവിക വിമാനത്താവളവും സ്ഥിതി ചെയ്യുന്നു. ഗലേറിയ മാൾ, ഫനാതീർ മാൾ, ജുബൈൽ ബേ തുടങ്ങിയ ഷോപ്പിങ് മാളുകളിലായി അന്തർദേശീയ ബ്രാൻഡുകളുടെ നിരവധി ഔട്ട്ലെറ്റുകളും സിനിമ തിയറ്ററും ഉണ്ട്.
പ്രധാന ആകർഷണങ്ങൾ ബീച്ചുകൾ
മനോഹരമായ സായാഹ്നങ്ങൾ സമ്മാനിക്കുന്ന വൃത്തിയുള്ള ബീച്ചുകൾ തന്നെയാണ് ഇവിടത്തെ മുഖ്യ ആകർഷണം. വിശ്രമിക്കാൻ അങ്ങിങ്ങായി ഓലമേഞ്ഞ ബീച്ച് കാബിനുകളും കാണാം. അറേബ്യൻ ഗൾഫിന്റെ ഭാഗമായ ഈ ബീച്ചുകളുടെ വലിപ്പം ഏതാണ്ട് 45 കിലോമീറ്റർ ആണ്. ഫനാതീർ ബീച്ച്, നഖീൽ ബീച്ച്, ദരീൻ ബീച്ച്, ബഹാർ ബീച്ച്, തൈബ ബീച്ച് എന്നിവയാണ് പ്രധാനപ്പെട്ടവ. വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്ന ഓരോയിടത്തും കുട്ടികൾക്ക് കളിക്കാവുന്ന ചെറിയ റൈഡുകളും മറ്റ് വിനോദസൗകര്യങ്ങളും ഉണ്ട്.
സമയപരിമിതിയോടെ നീന്താനും കുളിക്കാനും സൗകര്യമുണ്ട്. ബീച്ചുകളുടെ സുരക്ഷിതത്വം സൗദി ബീച്ച് ഗാർഡ് ശൃംഖല ഉറപ്പുവരുത്തുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ബോർഡുകൾ എല്ലായിടത്തും കാണാം. പല ബീച്ചുകളിലും കുടുംബങ്ങൾക്കായി പ്രത്യേക ഏരിയയും ഉണ്ട്.
ഫനാതീറിലെ കോർണീഷുകളിൽ പലയിടത്തും മീൻ പിടിക്കാം. നടപ്പാതയിൽനിന്ന് ഒരൽപം കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് ഇതിന്റെ നിർമിതി. ഇതിനുള്ള ഉപകരണങ്ങൾ സമീപത്തെ കടകളിൽ ലഭ്യമാണ്.
പാർക്കുകൾ
എല്ലാ ബീച്ചുകളോടും ചേർന്ന് പാർക്കുകൾ ഉണ്ട്. കൂടാതെ അൽ അന്തലൂസ് പാർക്ക്, ഡിഫി പാർക്ക് എന്നിവയും വിശാലമായ സൗകര്യങ്ങൾ ഉള്ളവയാണ്. പല ഭാഗത്തും ബാർബിക്യു സൗകര്യവുമുണ്ട്.
ഗലേറിയ മാളിന് സമീപം ബീച്ചിന് അഭിമുഖമായി ബോട്ടിങ് സർവിസുകളുണ്ട്. രണ്ടു നിലയുള്ള പിക്നിക് ബോട്ട് സർവിസ് കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ ധാരാളം പേർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരാൾക്ക് 30 റിയാൽ ആണ് നിരക്ക്. അരമണിക്കൂറോളം കടലിൽ ഉല്ലാസയാത്ര നടത്താം. സ്പീഡ് ബോട്ടിനും ആവശ്യക്കാർ ഏറെയാണ്.
10 പേർക്ക് യാത്ര ചെയ്യാവുന്ന സ്പീഡ് ബോട്ട് യാത്രക്ക് അര മണിക്കൂറിന് 250 റിയാലും ഒരു മണിക്കൂറിന് 400 റിയാലുമാണ് നിരക്ക്.
സമയപരിമിതി ഇല്ലാത്തവർക്ക് ഫിഷിങ്ങിനും ഉൾക്കടലിൽ പോയി കുളിക്കാനും മറ്റും സ്പീഡ് ബോട്ട് ഉപയോഗപ്പെടുത്താം. അഞ്ചു പേർക്ക് അഞ്ച് മണിക്കൂറിന് 1,250 റിയാലാണ് ചാർജ് ഈടാക്കുന്നത്. അധികം യാത്രക്കാരുണ്ടെങ്കിൽ ഓരോരുത്തർക്കും 250 റിയാൽ കൂടുതൽ നൽകണം. ദരീൻ പ്രദേശത്തെ ദാന ഹോട്ടൽ സമുച്ചയത്തിന് സമീപവും സമാനമായ ബോട്ട് സർവിസുകളുണ്ട്.
ബനാന ബീച്ച്
ഫനാതീർ ബീച്ചിന്റെ ഒരു ഭാഗത്തായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ വിനോദകേന്ദ്രമാണിത്. ബീച്ചിനോട് ചേർന്ന് ചെറിയ ഭക്ഷണശാലകളും ഇരിപ്പിടങ്ങളും വർണവൈവിധ്യമുള്ള വിളക്കുകളും നല്ലൊരു അനുഭൂതിയാണ്. ചെറിയ ഫീസോടെ ജലവിനോദങ്ങൾക്കും പെഡൽ ബോട്ടിങ്ങിനുമുള്ള സൗകര്യം ഉണ്ട്.
പാരച്യൂട്ട്, ജെറ്റ് സ്കീയിങ്, ഫ്ലൈ ബോർഡ്, സ്പീഡ് ബോട്ട് തുടങ്ങിയ വിനോദങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങൾ ഉണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
വടക്കു ഭാഗത്തുള്ള ദരീൻ ബീച്ചിനോട് ചേർന്നുള്ള ദരീൻ ഹിൽസും ധാരാളം സന്ദർശകരെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപന ചെയ്തവയാണ്. ചിലയിടങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ വാടകക്ക് ലഭ്യമാണ്.
നല്ല വീതിയുള്ള തോടും കുറുകെയുള്ള പാലവും കോർണീഷും അങ്ങിങ്ങായി പച്ച പുതച്ച മൊട്ടക്കുന്നുകളും പുൽത്തകിടികളും ഗൃഹാതുരത ഓർമപ്പെടുത്തുന്ന കാഴ്ചതന്നെയാണ്. പലതരം പൂക്കളും കാണാം. രാത്രി കാഴ്ചയും ഏറെ ഭംഗിയുള്ളതാണ്. ഒത്തിരി സുന്ദരനിമിഷങ്ങൾ ഹൃദയത്തിൽ കോറിയിട്ടാണ് ഓരോ സഞ്ചാരിയുടെയും ഇവിടെനിന്നുള്ള മടക്കയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.