റിയാദ്: മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയത്തിൽ കേളി അസീസിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു. ആറാമത് അസീസിയ ഏരിയ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ നടത്തിയത്.
അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ അൽഹൈർ യൂനിറ്റ് സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. മലസ് ഏരിയ സെക്രട്ടറി സജിത്ത് ഉദ്ഘാടനം ചെയ്തു. അസീസിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ മോഡറേറ്ററായി. ജനാധിപത്യത്തിന്റെ നാലാം തൂണിൽ വിള്ളൽ വീണിരിക്കുന്നെന്നും തെറ്റായ വാർത്തകൾ നൽകിയും വിശ്വാസ്യത ഇല്ലാത്തവരുടെ ജല്പനങ്ങൾ ബ്രേക്കിങ് ന്യൂസായി നൽകിയും മാധ്യമങ്ങളുടെ വിശ്വാസ്യത തകർത്തുകൊണ്ടിരിക്കുകയാണെന്നും സജിത് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ ഒരു പരിധിവരെ മാധ്യമങ്ങളുടെ അജണ്ട തുറന്നുകാട്ടുന്നതിൽ വിജയിക്കുന്നുണ്ടെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രവണതയാണ് ഈ കാലഘട്ടത്തിൽ മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം ഷാജി റസാഖ് പ്രബന്ധം അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, ലജീഷ് നരിക്കോട്, സുഭാഷ്, അസീസിയ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം വിനീത് രവീന്ദ്രൻ, കേന്ദ്രകമ്മിറ്റി അംഗം സുനിൽ മലസ് എന്നിവർ ചർച്ചയിൽ സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി സുധീർ പോരേടം സ്വാഗതവും സംഘാടക സമിതി ചെയർമാൻ റഫീഖ് അരിപ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.