റിയാദ്: കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ ‘സിനിമ കൊട്ടക’ക്ക് തുടക്കം. ആദ്യ സിനിമ പ്രദർശനം വീക്ഷിക്കാനെത്തിയവരെ സാക്ഷിയാക്കി എഴുത്തുകാരി ബീന ‘സിനിമ കൊട്ടക’ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ചലച്ചിത്ര പ്രവർത്തകനും റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറിയുമായ ഷംനാദ് കരുനാഗപ്പള്ളി നിർവഹിച്ചു. ബത്ഹ ഹോട്ടൽ ഡി പാലസിൽ നടന്ന പരിപാടിയിൽ കുടുംബ വേദി വൈസ് പ്രസിഡന്റ് വി.എസ്. സജീന അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. കുടുംബവേദി ജോയന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സിനിമ പ്രദർശനത്തെ കുറിച്ചും സിനിമ കൊട്ടകയുടെ ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. ശ്രുതി ശരണ്യം സംവിധാനം ചെയ്ത് കേരള ഫിലിം വികസന കോർപറേഷൻ നിർമിച്ച ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്.
രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ പ്രേക്ഷകർ കണ്ടശേഷം സിനിമയുടെ പ്രമേയത്തെ ക്കുറിച്ചും വിവിധ പ്രായക്കാരായ സിനിമ ആസ്വാദകരെ ഏതൊക്കെ തരത്തിൽ സിനിമ സ്പർശിച്ചുവെന്നും കൃത്യമായ ചർച്ച നടന്നു. വിദ്യാർഥികൾ, അധ്യാപകർ, സ്ത്രീകളും തൊഴിലാളികളും തുടങ്ങി വിവിധ തുറകളിലുള്ളവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് സിജിൻ കൂവള്ളൂർ മോഡറേറ്ററായി. കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക എന്നതാണ് ‘സിനിമ കൊട്ടക’യുടെ മുദ്രാവാക്യം. നാട്ടിലെ ഫിലിം സൊസൈറ്റികളുടെ മാതൃകയിൽ റിയാദിൽ ഒരു വേദി ഒരുക്കുന്നതിലൂടെ സിനിമയെക്കുറിച്ചും സിനിമയുടെ ഉള്ളറകളെക്കുറിച്ചും വിനോദത്തോടൊപ്പം സിനിമയെ എങ്ങനെ ഗൗരവപൂർവം വീക്ഷിക്കാമെന്നും മനസ്സിലാക്കുക എന്നതാണ് ‘സിനിമ കൊട്ടക’യുടെ പ്രഥമ ലക്ഷ്യം.
മാസത്തിൽ ഒരു സിനിമ പ്രദർശിപ്പിക്കുക എന്നതാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും ദേശഭാഷ വ്യത്യാസമന്യേ, സ്ത്രീ- പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് പ്രധാന്യം നൽകി കാമ്പുള്ള സിനിമകളായിരിക്കും പ്രദർശനത്തിന് തിരഞ്ഞെടുക്കുകയെന്നും സ്വാഗത പ്രസംഗത്തിൽ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് പറഞ്ഞു.
കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം ഗീത ജയരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.