കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

'കരുതലിന്‍റെ സാന്ത്വന സ്പർശം'; കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി രണ്ടര പതിറ്റാണ്ടായി നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ ഈ വർഷത്തെ കാമ്പയിൻ മാർച്ച് ഒന്ന് മുതൽ 31 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'കരുതലിൻ്റെ സാന്ത്വന സ്പർശം' എന്ന പേരിൽ നടക്കുന്ന പദ്ധതിയുടെ കാമ്പയിൻ ഉദ്‌ഘാടനം കഴിഞ്ഞ ദിവസം മുസ്ലിംലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ സാന്നിധ്യത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി നിർവഹിച്ചു. മണ്ഡലം, പഞ്ചായത്ത്, ഏരിയ തല ഫോം വിതരണോദ്ഘാടനം ഇന്ന് രാത്രി ഒമ്പത് മണിക്ക് ശറഫിയയിൽ വെച്ച് നടക്കും.

60 റിയാൽ പ്രീമിയം അടച്ച് കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗത്വം എടുത്ത പ്രവാസി മരണപ്പെടുകയാണെകിൽ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായധനം നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടാതെ വിവിധ ചികിത്സ സഹായങ്ങൾ, പ്രവാസ വിരാമ ആനുകൂല്യങ്ങൾ എന്നിവയും നൽകി വരുന്നു. 2000ത്തിൽ ആരംഭിച്ച പദ്ധതി വഴി ഇതിനോടകം ഏകദേശം 15 കോടി രൂപയുടെ സഹായം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

2019 മുതൽ 2023 വരെ 44 പേരുടെ ആശ്രിതർക്ക് ഒരു കോടി 75 ലക്ഷം രൂപ മരണാന്തര സഹായം ഉൾപ്പെടെ രണ്ടര കോടി രൂപ സഹായം നൽകി. നേരത്തെയുള്ള ആനുകൂല്യങ്ങൾക്ക് പുറമെ പുതുതായി, സുരക്ഷാ പദ്ധതിയിൽ അംഗമായി തുടരുന്നവർ വിദേശത്ത് മരിക്കുകയും നിർബന്ധിതമായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യവുമുണ്ടായാൽ, അവർക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമായി മരണാന്തര ആനുകൂല്യത്തിൽ നിന്നും 5,000 റിയാൽ വരെ അടിയന്തര സഹായം അനുവദിക്കും. തീർത്തും സുതാര്യമായ രൂപത്തിൽ ട്രസ്റ്റ് മുഖേനയാണ് ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് പേർ ചേർന്നു കൊണ്ടിരിക്കുന്ന പദ്ധതിയിൽ നിലവിൽ 6,500 ഓളം അംഗങ്ങൾ ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.|

അതാത് കാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിക്കു കീഴിലാണ് സുരക്ഷ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കെ.എം.സി.സി സൗദി നാഷനൽ, ജിദ്ദ സെൻട്രൽ കമ്മിറ്റികളുടെ കീഴിലും മറ്റു സുരക്ഷ പദ്ധതികൾ നടത്തപ്പെടുന്നുണ്ട്. മേൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുത്തുകൊണ്ട് കൃത്യമായ ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ല കമ്മിറ്റി പ്രവർത്തിക്കുന്നതെന്നും 13,000 ത്തിൽ പരം അംഗങ്ങളുള്ള കമ്മിറ്റിക്കു കീഴിൽ നിലവിൽ 15 മണ്ഡലം, 85 ഓളം പഞ്ചായത്ത് കമ്മിറ്റികളും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു..

പ്രസിഡൻറ് ഇസ്മായിൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, ചെയർമാൻ കെ.കെ മുഹമ്മദ്, സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി, സുരക്ഷ പദ്ധതി കൺവീനർ അബൂട്ടി പള്ളത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയെക്കുറിച്ചു കൂടുതൽ അറിയുന്നതിന് സന്ദർശിക്കുക: KMCC Jeddah Malappuram District Family Security Scheme

Tags:    
News Summary - KMCC Jeddah Malappuram District Committee Family welfare Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.