അബഹ: കുട്ടികളിലെ കഴിവുകളെല്ലാം ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് അബഹയിലെ ലന അഡ്വാൻസ്ഡ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ശാസ്ത്ര സാഹിത്യ പ്രദർശനം സംഘടിപ്പിച്ചു. മേളയിൽ 500ഓളം വിദ്യാർഥികൾ ഒരുക്കിയ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വസ്തുക്കൾ പ്രദർശിപ്പിച്ചു. അബഹ കിങ് ഖാലിദ് യൂനിവേഴ്സിറ്റിയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ പ്രഫസർമാർ വിവിധ പ്രദർശന സ്റ്റാളുകൾ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ഉരുത്തിരിയുന്ന ശാസ്ത്രീയമായ അറിവും ശാസ്ത്രീയേതര വിഷയങ്ങളിലെ പ്രാഗല്ഭ്യവും, കലാപരമായ കഴിവുകളും, സമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കാൻ വിദ്യാർഥികൾക്കു പ്രദർശനത്തിലൂടെ അവസരം ലഭിച്ചു.
വിദ്യാർഥികളുടെ കഴിവുകൾ സമൂഹത്തിനെന്ന പോലെ ലോകത്തിനും മുതൽക്കൂട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.രക്ഷകർത്താക്കളെ കൂടാതെ നൂറുകണക്കിനു മറ്റു പ്രവാസികളും സ്വദേശികളും പ്രദർശനം കാണാൻ എത്തിയിരുന്നു. കാഴ്ചക്കാർക്ക് അറിവും ആസ്വാദനവും പകർന്ന വിസ്മയകരമായ പ്രദർശനത്തിൽ കുട്ടികളുടെ അത്യത്ഭുതകരമായ കഴിവും കലയും ഒരേ പോലെ പ്രകടമാക്കുന്നതിൽ അധ്യാപകർ വഹിച്ച പങ്ക് നിസ്സീമമായിരുന്നു എന്ന് പ്രദർശനം കാണാനെത്തിയവർ സാക്ഷ്യപ്പെടുത്തി.
പ്രദർശനത്തോടനുബന്ധിച്ച സമ്മേളനം സാമൂഹിക പ്രവർത്തകൻ അഷറഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഡോ. സിജു എസ്. ഭാസ്കർ അധ്യക്ഷത വഹിച്ചു. പ്രദർശനത്തിന് ബൈജു, രാജൻ വർഗീസ്, സബീന, ഷാനവാസ്, ജൂഹി തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. പ്രദർശനോത്സവത്തോടൊപ്പം സംഘടിപ്പിച്ച കെ.ജി. വിഭാഗം കുട്ടികളുടെ പ്രശ്ചന്നവേഷ മത്സരം ആസ്വാദകരുടെ മനം കവർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.