ദമ്മാം: ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം വഴി സൗദിയിലേക്ക് ഇറക്കുമതി ചെയ്ത ചരക്കിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ വൻ മയക്ക് മരുന്ന് ഗുളികകൾ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. 37 ലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ തുറമുഖം വഴി രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതർ തടഞ്ഞത്.
ഇരുമ്പ് തൂണുകൾ അടങ്ങിയ ചരക്ക് കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കിയപ്പോഴാണ് ഇത്രയും ഗുളികകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സുരക്ഷാ സാങ്കേതിക വിദ്യകൾ വഴിയുള്ള പരിശോധനയിൽ തൂണുകളുടെ അറയിൽ വിദഗ്ദമായി ഒളിപ്പിച്ച ഗുളികകളുടെ ശേഖരം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച് കള്ളക്കടത്ത് നടത്തുന്നവരെ തത്സമയം പിടികൂടുന്നതായും അധികൃതർ അറിയിച്ചു. കള്ളക്കടത്ത് കേസുകളുടെ സുരക്ഷാ റിപ്പോർട്ടുകൾക്കായി നിശ്ചയിച്ച 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ 00966114208417 എന്ന അന്താരാഷ്ട്ര നമ്പറിലോ ആശയവിനിമയം നടത്തി കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാവരോടും അതോറിറ്റി ആഹ്വാനം ചെയ്തു. വിവരങ്ങൾ ശരിയായി നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.