റിയാദ്: സൗദി അറേബ്യയിൽ വെറ്ററിനറി വാക്സിനുകൾ നിർമിക്കാൻ 17.5 കോടി റിയാൽ ചെലവിൽ റിയാദിൽ റീജനൽ ലബോറട്ടറി സ്ഥാപിക്കുന്നു. ഇതിനായി സ്പെഷലൈസ്ഡ് ദേശീയ കമ്പനികളിലൊന്നുമായി സൗദി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം കരാർ ഒപ്പുവെച്ചു. രോഗങ്ങൾ കണ്ടെത്തുന്നതിനും വാക്സിനുകൾ വികസിപ്പിക്കുന്നതിനും അവ സ്വദേശത്ത് നിർമിക്കുന്നതിനുമുള്ള റീജനൽ റഫറൻസ് വെറ്ററിനറി ലബോറട്ടറി നിർമിക്കുന്നതും രൂപകൽപന ചെയ്യുന്നതും കരാറിൽ ഉൾപ്പെടും.
ലബോറട്ടറി ഉയർന്ന ബയോമാർക്കർ ലെവലിൽ മിഡിൽ ഈസ്റ്റിലെ റഫറൻസ് ലബോറട്ടറിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ മൃഗസമ്പത്തിനെയും ആരോഗ്യ മേഖലയെയും സേവിക്കുന്ന പ്രായോഗിക ഗവേഷണങ്ങളും പഠനങ്ങളും വികസിക്കും. മൃഗങ്ങളുടെ രോഗങ്ങളുടെ വ്യാപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും. രോഗകാരണങ്ങൾ കണ്ടെത്താൻ പരിശോധനകൾ നടത്തും. വാക്സിനുകൾ വികസിപ്പിക്കുന്നതിനൊപ്പം പ്രാദേശിക വാക്സിനുകളുടെ ഉൽപാദനവും നടത്തും. പ്രാദേശിക രോഗങ്ങൾക്കുള്ള വെറ്ററിനറി വാക്സിനുകളുടെ വികസനത്തിനും ഉൽപാദനത്തിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ മുൻകൈയിലാണ് വെറ്ററിനറി ലബോറട്ടറി സ്ഥാപിക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
മൃഗ രോഗങ്ങളുടെ വ്യാപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇത് ലക്ഷ്യമിടുന്നു. മിക്ക രോഗങ്ങൾക്കും പ്രത്യേക ലബോറട്ടറി പരിശോധനകൾ നടത്തുകയും കാരണങ്ങൾ കണ്ടെത്തുകയും അതിന്റെ ഡി.എൻ.എ ബേസുകളുടെ ക്രമം നിർണയിക്കുകയും ചെയ്യും. പുതിയ വാക്സിനുകൾ വികസിപ്പിക്കുന്നതിനും വിവിധ പ്രാദേശിക വാക്സിനുകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ലബോറട്ടറി പ്രവർത്തിക്കും. മൃഗ രോഗങ്ങൾക്കുള്ള അന്താരാഷ്ട്ര സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മൃഗങ്ങളുടെ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള സ്റ്റാൻഡേർഡ് രീതികൾ പിന്തുടരുന്നതിനും പുതുക്കുന്നതിനും പ്രവർത്തിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
വെറ്ററിനറി ലബോറട്ടറി സ്ഥാപിക്കുന്നത് ഉയർന്ന പ്രതിരോധശേഷിയുള്ള വാക്സിനുകൾ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമത്തെ വർധിപ്പിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. പ്രാദേശികരോഗങ്ങളെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനും രാജ്യത്തെ കന്നുകാലികളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന വെറ്ററിനറി വാക്സിൻ വ്യവസായത്തെ സ്വദേശിവത്കരിക്കുക എന്നതും ഇത് ലക്ഷ്യമിടുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.