ലേൺ ദി ഖുർആൻ ദേശീയ സംഗമം വെള്ളിയാഴ്ച റിയാദിൽ; ഒരുക്കങ്ങൾ പൂർത്തിയായി

റിയാദ്: സൗദി ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെയും, ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ ദഅ്‌വ ആൻഡ് അവയർനസ് സൊസൈറ്റിയുടെ കീഴിൽ 24മത് ലേൺ ദി ഖുർആൻ ദേശീയ സംഗമം ഈ മാസം 12 ന് വെള്ളിയാഴ്ച്ച റിയാദിലെ റൗദയിലുള്ള അൽദുറാ ലുലു ഇസ്തിറാഹയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ആറ് സെഷനുകളിലായി നടക്കുന്ന സംഗമത്തിൽ ആറ് വ്യത്യസ്ത പ്രമേയങ്ങൾ ചർച്ച ചെയ്യുമെന്നും സംഘാടകർ പറഞ്ഞു. സൗദിയുടെ വിവിധ പ്രാവശ്യകളിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും, സൗദി അറേബ്യയിലെ എല്ലാ മലയാളികളെയും ദേശീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി, ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ അറിയിച്ചു.

നാല് വേദികളിലായി നടക്കുന്ന പരിപാടികളിൽ അഡ്വ. മായിൻകുട്ടി മേത്തർ, നൂർ മുഹമ്മദ് നൂർഷ, എം.എം അക്ബർ, അഹമദ് അനസ് മൗലവി എന്നിവർ അതിഥികളായി പങ്കെടുക്കും. സൗദി അറേബ്യയിലെ മത-സാമൂഹിക-മാധ്യമ- വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.

രാവിലെ 10 മണിക്ക് പ്രവർത്തക കൺവെൻഷനോടെ പരിപാടികൾക്ക് തുടക്കമാവും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമ്മേളനം എം.എസ്.എസ് പ്രസിഡൻറ് പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്യും. അജ്മൽ മദനി അൽകോബാർ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4:15 ന് നടക്കുന്ന സാംസ്കാരിക സംഗമം ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി നാഷ്ണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം ചെയ്യും. 'സമൂഹം, സംസ്കാരം, അതിജീവനം' എന്ന പ്രമേയത്തിൽ എം.എം അക്ബർ മുഖ്യപ്രഭാഷണം നടത്തും. റിയാദിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിക്കും. അതെ സമയം തന്നെ മറ്റൊരു വേദിയിൽ നടക്കുന്ന വനിതാ സമ്മേളനം എം.ജി.എം കേരള സംസ്ഥാന സെക്രട്ടറി സുഅദ ടീച്ചർ ഉദ്‌ഘാടനം ചെയ്യും. റിയാദ് ഇന്റർനാഷ്ണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മീരാ റഹ്മാൻ മുഖ്യാതിഥിയായിരിക്കും. അമീന കുനിയിൽ, റാഹില അബ്ദുറഹ്മാൻ, അഹമദ് അനസ് മൗലവി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി 'കളിത്തട്ട്' വേദി മൂന്നിലും നാലിലും അരങ്ങേറും. സമാപന സമ്മേളനവും, സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ ഓപ്പൺ ഗ്രൗണ്ടിൽ വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കും. ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആൻഡ് അവയർനസ് സൊസൈറ്റി ഡയറക്ടറും, കിംഗ് സൗദ് യൂനിവേഴ്സിറ്റി ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ. അലി ബിൻ നാസർ അൽ ശലആൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആൽയാബിസ്, കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

2022 ൽ നടന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷാ വിജയികളെ ആദരിക്കുകയും സമ്മാനത്തുകയായ രണ്ടര ലക്ഷം രൂപ സമ്മാനമായി കൈമാറുകയും ചെയ്യും. ഇസ്‌ലാഹി സെൻറർ 40 ആം വാർഷിക പരിപാടികളുടെ പ്രഖ്യാപനവും, വെബ്സൈറ്റ് റീലോഞ്ചിങ്ങും സമാപന സമ്മേളന വേദിയിൽ നടക്കും. സമാപന സംഗമത്തിൽ അഡ്വ. മായിൻകുട്ടി മേത്തർ, എം.എം. അക്ബര്‍, അഹമദ് അനസ് മൗലവി എന്നിവർ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിലും സാമൂഹിക, സാംസ്കാരിക, മാധ്യമ, വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. റിയാദ് സലഫി മദ്റസയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ. അബ്ദുൽജലീൽ, നൗഷാദ് അലി, അബ്ദുസ്സലാം ബുസ്താനി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Learn the Quran national gathering in Riyadh on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.