യാംബു: കള്ളക്കടത്തും മയക്കുമരുന്ന് കടത്തും തടയുന്നതിെൻറ ഭാഗമായി ഞായറാഴ്ച മുതൽ ലബനാൻ പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതിക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയതിൽ ലബനാനിന് വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. ലബനാന് 126 ദശലക്ഷത്തിലധികം റിയാൽ നഷ്ടമുണ്ടാകാൻ ഇറക്കുമതി നിരോധനം കാരണമായതായി സർക്കാർ കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യപൗരസ്ത്യ ദേശത്ത് സ്ഥിതിചെയ്യുന്ന സ്വതന്ത്ര രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് ലബനാന് സൗദിയുമായി നേരത്തേ തന്നെ ശക്തമായ വ്യാപാര ബന്ധമുണ്ട്. ഭക്ഷ്യോൽപന്നങ്ങളും പുകയിലയുമാണ് രാജ്യത്തിെൻറ പ്രധാന കയറ്റുമതികൾ. പഴങ്ങൾ, ബാർലി, ഗോതമ്പ്, നാണ്യവിളകൾ എന്നിവയും ലബനാനിൽ കൃഷി ചെയ്യുന്നുണ്ട്.
ലബനാൻ ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തിരുന്ന രാജ്യമായ സൗദി വിലക്ക് ഏർപ്പെടുത്തിയതിനാൽ വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഈ രാജ്യം പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. സൗദിയുടെ തീരുമാനത്തിന് ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ഇതിനകം പിന്തുണ പ്രഖ്യാപിച്ചതും ലബനാനിന് വൻ തിരിച്ചടിയായി മാറിയിട്ടുണ്ട്. കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിനിടയിൽ നിരോധിക്കപ്പെട്ട 'കാപ്റ്റഗോണ്‍' ഗുളികകള്‍ ദശലക്ഷക്കണക്കിന് സൗദിയിലേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതർ പിടികൂടിയത്. ജിദ്ദയിലെ ഇസ്ലാമിക് തുറമുഖത്തെ കസ്റ്റംസ് അധികൃതർ 7.8 ദശലക്ഷത്തിലധികം കാപ്റ്റഗോൺ ഗുളികകൾ ലബനാനിൽനിന്ന് ഇറക്കുമതി ചെയ്ത മാതളനാരങ്ങയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടുപിടിച്ചത്. ഇക്കാരണത്താലാണ് സൗദി ശക്തമായ തീരുമാനമെടുത്തത്.2019 മുതൽ സൗദിയിലേക്കുള്ള ലബനാൻ പച്ചക്കറികളുടെയും പഴങ്ങളുടെയും കയറ്റുമതിയിൽ കുത്തനെ വർധന ഉണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
2018ലെ കയറ്റുമതിയുടെ മൂല്യം ഏകദേശം 65 ദശലക്ഷം റിയാലായിരുന്നുവെങ്കിൽ 2019ൽ 93.85 ശതമാനം ഉയർന്ന് 126 ദശലക്ഷത്തിലെത്തിയിരുന്നു. ലബനാനിൽനിന്ന് ചീര മാത്രം 79.990 ടൺ കഴിഞ്ഞവർഷം കയറ്റുമതി ചെയ്തിരുന്നു. ഇത് 37.49 ദശലക്ഷം സൗദി റിയാൽ മൂല്യം കണക്കാക്കും. ലബനാൻ മുന്തിരി 15.16 ടൺ കയറ്റുമതി ചെയ്തതായും ഇത് 30.85 ദശലക്ഷം റിയാൽ മൂല്യം കണക്കാക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഓറഞ്ച്, ആപ്പിൾ, പ്ലംസ്, പീച്ച്, ആപ്രിക്കോട്ട്, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങി ധാരാളമായി സൗദിയിലേക്ക് ലബനാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു.
സൗദി അറേബ്യയുമായുള്ള ലബനാെൻറ പഴം പച്ചക്കറി വ്യാപാരം പ്രതിവർഷം 24 മില്യൺ ഡോളറായിരുന്നുവെന്ന് ലബനാൻ കാർഷിക മന്ത്രി അബ്ബാസ് മോർട്ടഡ അഭിപ്രായപ്പെട്ടു.
മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് ലബനാൻ അധികൃതർ ശക്തമായ തീരുമാനമെടുത്തതായി തലസ്ഥാന നഗരിയായ ബൈറൂത്തിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു. സൗദി ആഭ്യന്തര മന്ത്രാലയം ഇറക്കുമതിക്ക് അനുവാദം നൽകുന്നത് വരെ നിയന്ത്രണം അംഗീകരിക്കുന്നുവെന്നും ലബനാൻ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.