മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന മക്ക കെ.എം.സി.സി വളന്റിയർമാരുടെ സംഗമം മക്ക കെ.എം.സി.സി ഓഡിറ്റോറിയത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് കോഓഡിനേറ്റർ ജാബിർ ഹുദവി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി വളന്റിയർമാർ നടത്തുന്ന സേവനപ്രവർത്തനം ഹാജിമാർക്ക് ഏറെ പ്രയോജനപ്രദമാണെന്നും ഭാഷകൾ അറിയാതെ അന്യദേശത്ത് എത്തുന്ന ഹാജിമാർക്ക് ഒരു ആവശ്യം വന്നാൽ ആദ്യം ബന്ധപ്പെടുന്നത് കെ.എം.സി.സി വളന്റിയർമാരെയാണെന്നും പ്രവർത്തനങ്ങൾ നേരിൽ ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മക്ക കെ.എം.സി.സിക്ക് കീഴിൽ വനിതകൾ അടക്കം 500 വളന്റിയർമാരെയാണ് മൂന്ന് ഷിഫ്റ്റുകളായി രംഗത്തിറക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ് സ്റ്റോപ് പോയൻറിലും അസീസിയയിൽ ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചും വളന്റിയർ സേവനം ഉണ്ടാകും. ഹാജിമാർ താമസിക്കുന്ന ഒാരോ ബിൽഡിങ്ങിലും ഒാരോ ഐസൊലേഷൻ വാർഡുകൾ ഉണ്ടാകും. ആ വാർഡുകളിൽ മക്കയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന കെ.എം.സി.സി പ്രവർത്തകർ അവരുടെ ജോലിസമയം കഴിഞ്ഞതിനുശേഷം വളന്റിയർ സേവനത്തിന് എത്തും. ഇന്ത്യൻ ഹജ്ജ് മിഷന്റെ പരിപൂർണ സഹായത്തോടെയായിരിക്കും കെ.എം.സി.സി വളന്റിയർമാരുടെ സേവനം. ഹജ്ജ് സംഘത്തോടൊപ്പം എത്തുന്ന വളന്റിയർമാർക്ക് ആവശ്യമായ സഹായത്തിനും കെ.എം.സി.സി അംഗങ്ങൾ ഉണ്ടാകും.
മക്കയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന ഹാജിമാർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രി കേന്ദ്രീകരിച്ച് വളന്റിയർ വിങ് രംഗത്തുണ്ടാകും. കഴിഞ്ഞ വർഷങ്ങളിൽ ഹാജിമാർക്ക് ഏറെ പ്രയാസം നേരിട്ട ലഗേജ് മിസിങ്ങിന് പ്രത്യക സ്ക്വാഡിനെത്തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ഹറമിനടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ ലൊക്കേഷൻ മാപ്പിന്റെ സഹായത്തോടെ താമസ സ്ഥലത്ത് എത്തിക്കുന്നതിന് പ്രത്യേക വിങ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനത്തോടെ രംഗത്തുണ്ടാവും. വിവിധ സബ്കമ്മിറ്റികളുടെ നിയന്ത്രണത്തിലാകും പ്രവർത്തനങ്ങൾ.
ചടങ്ങിൽ സൗദി കെ.എം.സി.സി നേതാവ് ബഷീർ മുനിയൂർ മുഖ്യപ്രഭാഷണം നടത്തി. വളന്റിയർമാർക്കുള്ള പ്രവർത്തന രൂപരേഖ മക്ക കെ.എം.സി.സി ഹജ്ജ്സെൽ ചെയർമാൻ കുഞ്ഞിമോൻ കാക്കിയ അവതരിപ്പിച്ചു. മക്ക കെ.എം.സി.സി ഹജ്ജ് സെൽ കൺവീനർ സുലൈമാൻ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. വളന്റിയർ ക്യാപ്റ്റൻ നാസർ കിൻസാറ, റഹീമുദ്ദീൻ (എ.എച്ച്.ഒ), മൊയ്തീൻ കട്ടുപ്പാറ (ഖമീസ് മുശൈത്ത് കെ.എം.സി.സി), കുഞ്ഞാപ്പ പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു, സൗദി കെ.എം.സി.സി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും ട്രഷറർ മുസ്തഫ മുഞ്ഞക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.