റിയാദ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 300ാം ഷോറൂം യു.എസിലെ ഡാളസിൽ തുറന്നു. ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ ഷോറൂം ആരംഭിച്ചത്.
യു.എസിലെ കോളിൻ കൗണ്ടി കമീഷണർ സൂസൻ ഫ്ലച്ചർ, ഫ്രിസ്കോ-ടെക്സസ് മേയർ ജെഫ് ചെനി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പങ്കെടുത്തു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ തുടങ്ങിയവർ വെർച്വൽ പ്ലാറ്റ്ഫോം വഴി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി. 5811 പ്രൈസ്റ്റൺ റോഡ് ഫ്രിസ്കോയിലാണ് ഡാളസ് ഷോറൂം. മലബാറിന്റെ യു.എസിലെ മൂന്നാം ഷോറൂമാണിത്.
ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കോഴിക്കോട്ട് ചെറിയ ഷോറൂമിലൂടെ തുടങ്ങിയ മലബാറിന് ഇന്ന് 10 രാജ്യങ്ങളിലായി 300ലധികം ഷോറൂമുകളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഈ വളർച്ചക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായും എം.പി. അഹമ്മദ് പറഞ്ഞു. യു.കെ, ബംഗ്ലാദേശ്, ആസ്ട്രേലിയ, കാനഡ, ഈജിപ്ത്, തുർക്കി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഉടനടി വിപുലീകരണം നടത്തും. ജ്വല്ലറി വ്യാപാരവുമായി ബന്ധപ്പെട്ട റീട്ടെയിൽ, മാനുഫാക്ചറിങ്, ടെക്നിക്കൽ, മാനേജ്മെന്റ് മേഖലകളിൽ നടക്കുന്ന വിപുലീകരണത്തിന്റെ ഭാഗമായി ഏകദേശം 6,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സമീപ വർഷങ്ങളിൽ ഇന്ത്യൻ ആഭരണങ്ങളെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുന്നതിൽ മലബാർ ഗോൾഡ് നിർണായക പങ്കാണ് വഹിച്ചതെന്ന് ഗ്രൂപ് കെ.പി. അബ്ദുൽ സലാം പറഞ്ഞു. ബ്രാൻഡിന്റെ വിപുലീകരണ പദ്ധതി ഏറെ പ്രചോദനം നൽകുന്നതാണെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു. ഇന്ത്യയിൽ ബ്രാൻഡിന് വിശാലമായ റീട്ടെയിൽ വിപുലീകരണ പദ്ധതിയാണുള്ളതെന്ന് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ അറിയിച്ചു. ആഗോളതലത്തിൽ ബ്രാൻഡിന്റെ റീട്ടെയിൽ വിപുലീകരണത്തെ പിന്തുണക്കുന്നതിന് മാനുഫാക്ചറിങ് മേഖല കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മലബാർ ഗ്രൂപ് മാനുഫാക്ചറിങ് ആൻഡ് ബി ടു ബി എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.