ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന, നയൻസ് സോക്കർ മത്സരങ്ങൾ നവംബർ ഒന്നിന് ജിദ്ദ ഖാലിദ് ഇബ്നു വലീദ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നയൻസ് ഫോർമാറ്റിൽ സംഘടിപ്പിച്ചിരിക്കുന്ന ടൂർണമെന്റിൽ മലപ്പുറം ജില്ലയിലെ 16 കെ.എം.സി.സി മണ്ഡലം കമ്മിറ്റികളുടെ ടീമുകളും നാല് ജൂനിയർ ടീമുകളുമാണ് പങ്കെടുക്കുക. മണ്ഡലങ്ങളിലെ കളിക്കാർക്ക് രജിസ്ട്രേഷനിൽ മുൻതൂക്കം നൽകിക്കൊണ്ടാണ് ടീം ലൈൻ അപ്പ് ക്രമപ്പെടുത്തിയിട്ടുള്ളത്. ആകെ 15 കളിക്കാരിൽ മണ്ഡലങ്ങൾക്ക് പുറത്തുനിന്നുള്ള നാല് കളിക്കാരെയും ലൈനപ്പിൽ ഉൾപ്പെടുത്താൻ അനുവാദമുണ്ട്.
ഈ നാല് ടീമംഗങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിൽനിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും സൗദിയിലെ വിവിധ പ്രവശ്യകളിൽനിന്നും ഉൾപ്പെടുത്താവുന്നതാണ്. അണ്ടർ 17 ജൂനിയർ കാറ്റഗറിയിൽ ജിദ്ദയിലെ നാല് അക്കാദമികളുടെ ടീമുകൾ പങ്കെടുക്കും.
നവംബർ ഒന്നിന് വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. മുഴുവൻ ടീമുകളും പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടനത്തിനു മുന്നോടിയായി ഗ്രൗണ്ടിൽ അരങ്ങേറും. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് 6.30 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിൽ ഓരോ മണിക്കൂർ വീതം നാല് കളികൾ ആയിരിക്കും ഉണ്ടാവുക. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മത്സരങ്ങളുടെ ഫൈനൽ നവംബർ 29 ന് നടക്കും.
ട്രോഫിക്ക് പുറമെ വിജയികൾക്ക് 6,666 റിയാൽ, റണ്ണേഴ്സിന് 3,333 റിയാൽ എന്നിങ്ങനെ കാശ് പ്രൈസും ലഭിക്കും. വിവിധ വ്യക്തിഗത മികവുകൾക്കും സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അറബ് വംശജരായ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ ഭാരവാഹികളായ ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങൽ, സലീം മമ്പാട്, അഷ്റഫ് മുല്ലപ്പള്ളി, അബു കാട്ടുപ്പാറ, അബുട്ടി പള്ളത്ത്, ഫത്താഹ് താനൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.