റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോളനികളിൽ പ്രത്യേക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടത്തിയതായി കാമ്പയിൻ വൈസ് ചെയർമാൻ സകീർ ദാനത്ത് അറിയിച്ചു.‘മലപ്പുറം സ്ക്വാഡ്’ എന്ന തലവാചകത്തിലുള്ള കാമ്പയിൻ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്ന മാതൃക കാണിച്ചുമാണ് സ്ക്വാഡിന്റെ പ്രവർത്തനം. വ്യത്യസ്ത മേഖലകളിൽ രാജ്യം നേരിടുന്ന ഭീഷണികളും ഇൻഡ്യ മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ പ്രസക്തിയുമെല്ലാം ബോധിപ്പിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. അടിസ്ഥാന സൗകര്യം പോലും നൽകാതെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാർ അവഗണനയോടുള്ള പ്രതിഷേധം കോളനികളിൽ പ്രകടമാണെന്ന് ഒ.ഐ.സി.സി നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിൽ വരുന്നതോടെ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകളെല്ലാം അവസാനിക്കുമെന്നും പരിഗണിക്കപ്പെടുന്ന സമൂഹമായി മാറുമെന്നും ഉറപ്പ് നൽകിയാണ് സംഘം കാമ്പയിൻ നടത്തുന്നത്. ജില്ലയിലുടനീളം പ്രവർത്തകർ പ്രചാരണ രംഗത്ത് സജീവമാണെന്നും, വോട്ട് രേഖപ്പെടുത്താനായി കോളനിയിൽനിന്ന് ഉൾപ്പെടെ വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തതായും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.