കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജിദ്ദ ചാപ്റ്റർ സംഘാടകർ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

മലപ്പുറത്ത് പേരുകേട്ട കാദറലി സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറ് കടൽ കടന്ന് ജിദ്ദയിലുമെത്തുന്നു

ജിദ്ദ: അകാലത്തിൽ പൊലിഞ്ഞു പോയ തങ്ങളുടെ ആത്മമിത്രങ്ങളും ഫുട്ബാൾ താരങ്ങളുമായ കാദറിന്റെയും മുഹമ്മദാലിയുടെയും പാവന സ്മരണക്കായി 1961 മുതൽ മലപ്പുറം പെരിന്തൽമണ്ണയിൽ ഒരുപറ്റം യുവാക്കൾ രൂപം കൊടുത്ത കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്നും നടന്നുവരുന്നു. 51ാം വാർഷികം ആഘോഷിക്കുന്ന കാദറലി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കടൽ കടന്ന് ജിദ്ദയിലേക്കുമെത്തുകയാണ്. കാദറലി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് കമ്മിറ്റിയും ജിദ്ദയിലെ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറവും (പെൻറിഫ്) സംയുക്തമായി ജിദ്ദയിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് അടുത്ത മാസം 15,16 തിയതികളിൽ ഖാലിദ് ബിൻ വലീദ് ബ്‌ളാസ്റ്റേഴ്‌സ് ഗ്രൗണ്ടിൽ നടക്കുമെന്ന് ടൂർണമെന്റ് സംഘാടകർ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാദറലി ജിദ്ദ ചാപ്റ്റർ എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിൽ വസിക്കുന്നവരുടെ ടീമുകളും നാട്ടിലുള്ള നാല് പ്രാദേശിക ടീമുകളും, ജിദ്ദക്ക് പുറമെ അൽബഹ, യാംബു എന്നിവിടങ്ങളിൽ നിന്നായി മൊത്തം 12 ടീമുകളാണ് മാറ്റുരക്കുക. പ്രാദേശിക ടീമുകൾ തങ്ങളുടെ കളിക്കാരെ നാട്ടിൽ നിന്നും കൊണ്ടുവരുന്നത് കൊണ്ട് തന്നെ കളികൾക്ക് ഉന്നത നിലവാരവും, വീറും വാശിയും ജനപങ്കാളിത്തവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

ആദ്യ ദിവസമായ ഫെബ്രുവരി 15ന് വ്യാഴാഴ്ച രാത്രി നാല് മത്സരങ്ങളും പിറ്റേന്ന് വെള്ളിയാഴ്ച്ച ഫൈനൽ അടക്കം മറ്റു മുഴുവൻ മത്സരങ്ങളും നടക്കും. ട്രോഫികളോടൊപ്പം ടൂർണമെന്റിലെ വിജയികൾക്ക് 5,000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 3,000 റിയാലും കാശ് പ്രൈസ് ആയി ലഭിക്കും.

ജിദ്ദയിൽ നടക്കുന്ന ഒരു ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടനത്തിൽ ഇതാദ്യമായി സ്ത്രീകൾ പങ്കാളികളാവുന്നു എന്ന പ്രത്യേകത കൂടി കാദറലി ജിദ്ദ ചാപ്റ്റർ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. സൗദിയിലെ സകല മേഖലകളിലും വനിതകളുടെ സാന്നിധ്യം അധികരിച്ചുവരുന്ന സാഹചര്യത്തിൽ ഫുട്ബാൾ ടൂർണമെന്റ് ഉൾപ്പടെയുള്ള വിവിധ പരിപാടികളുടെ സംഘാടനത്തിൽ വനിതകൾക്കും പ്രധാന പങ്കാളിത്വം ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് സംഘാടക സമിതിയിൽ വനിതകളെക്കൂടി ഉൾപ്പെടുത്തിയതെന്ന് സംഘാടകർ അറിയിച്ചു. ഫുട്ബാൾ ടൂർണമെന്റിനെ സ്‌നേഹിക്കുന്നവരും കളി കാണാനും കളിക്കാനുമെല്ലാം ഇഷ്ടപ്പെടുന്നവരായി നിരവധി മലയാളി വനിതകൾ ജിദ്ദയിലുണ്ട്. അങ്ങനെയുള്ളവർക്ക് പ്രോത്സാഹനം നൽകുകയെന്നതും അവരെ ഫുട്ബാൾ മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് എത്തിക്കുക എന്നതും തങ്ങളുടെ ഉദ്ദേശമാണെന്ന് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച വനിതാ പ്രതിനിധികൾ അറിയിച്ചു. ഡോ. ഇന്ദു, എഞ്ചിനീയർ ജുനൈദ, ഷമീം ടീച്ചർ, നാസർ ശാന്തപുരം, ലത്തീഫ് എൻകൺഫേർട്ട്, റീഗൾ മുജീബ്, മജീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Malappuram's Kadarali Sevens football tournament crosses the sea and reaches Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.