ജിസാൻ: കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി സൗദിയിലെ പ്രവാസി മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മലയാളം പ്രസംഗമത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. പ്രസംഗ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഇവാന മറിയം ജോബി (ജിദ്ദ), അഫ്സാന ഷാ (അൽഖസീം) എന്നിവർ ഒന്നാം സ്ഥാനവും നൈല മറിയം ഷൈജുദ്ദീൻ (അൽഖോബാർ), ആലിന മരിയ ജോഷി (അൽഖർജ്) എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. നിള ലക്ഷ്മി(ദമ്മാം)യാണ് മൂന്നാം സ്ഥാനം നേടിയത്. ജൂനിയർ വിഭാഗത്തിൽ മർഹ ഫാത്തിമ (റിയാദ്), ഇഹ്സൻ ഹമദ് മൂപ്പൻ (അൽഹസ്സ), അക്ഷിക മഹേഷ് വാര്യർ (റിയാദ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സഭാകമ്പമില്ലാതെ സംസാരിക്കുന്നതിലും ഭാഷാശുദ്ധി, അക്ഷരസ്ഫുടത, ആശയ വ്യക്തത, സന്ദർഭോചിത ശബ്ദനിയന്ത്രണം എന്നിവയിലും മത്സാർഥികൾ പൊതുവിൽ നിലവാരം പുലർത്തിയതായി വിധികർത്താക്കളായ പി.കെ. നൗഷാദ്, ജോമോൻ സ്റ്റീഫൻ എന്നിവർ അഭിപ്രായപ്പെട്ടു.‘എന്റെ മലയാളം എന്റെ അഭിമാനം’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ സൗദിയിലെ വിവിധ മേഖലകളിൽനിന്ന് തൊണ്ണൂറോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. നാലു ഘട്ടങ്ങളിലായി നടത്തിയ പ്രസംഗ മത്സരത്തിന് മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം, വിദഗ്ധ സമിതി ചെയർപേഴ്സൻ ഷാഹിദ ഷാനവാസ്, അംഗങ്ങളായ ലീന കോടിയത്ത്, നിഷ നൗഫൽ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സാക്ഷ്യപത്രങ്ങളും സമ്മാനങ്ങളും മലയാളം മിഷൻ സൗദിയിലെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ വെച്ച് വിതരണം ചെയ്യുമെന്ന് സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.