ജീസാൻ: മലയാളി തെക്കൻ സൗദിയിലെ അബൂ ആരിഷിൽ ഉറക്കത്തിൽ മരിച്ചു. മലപ്പുറം മൂന്നിയൂർ ആലിൻചുവട് സ്വദേശി തച്ചറക്കൽ ജഅഫർ (54) ആണ് താമസസ്ഥലത്ത് മരിച്ചത്. ബ്രോസ്റ്റ് കടയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹ ജോലിക്കാരൻ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടന്‍ റെഡ്ക്രസൻറ് സംഘത്തെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ നടന്നതായി സ്ഥിരീകരിച്ചു.
മൃതദേഹം അബൂ ആരീഷ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലും യു.എ.ഇയിലും ഒമാനിലുമായി 25 വർഷത്തിലധികമായി പ്രവാസിയായിരുന്നു. ആറു മാസം മുമ്പാണ് അബൂ ആരീഷിൽ എത്തിയത്. നാട്ടിൽ പോയി വന്നിട്ട് നാല് വർഷമായി. മകളുടെ വിവാഹത്തിന് അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മരണം.
പരേതരായ തച്ചറക്കൽ കമ്മദ്, പാത്തുമ്മ ഉണ്ണിയാലുങ്ങൽ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഉമ്മുഹബീബ. മക്കൾ: റംല, റഹ്മത്ത്, റഫ ജാസ്മിൻ, മുഹമ്മദ് റബീഹ്. മരുമക്കൾ: ജലീൽ പാന്താരങ്ങാടി, ഇഖ്ബാൽ പാലായി. പരേതരായ ഹൈദർ, കദീജ, ആയിശ എന്നിവർ സഹോദരങ്ങളാണ്.
വിവരമറിഞ്ഞ് പിതൃസഹോദര പുത്രൻ മജീദ് തച്ചറക്കൽ ജിദ്ദയിൽ നിന്ന് തിരിച്ചിട്ടുണ്ട്. മൃതദേഹം അബൂ അരീഷിൽ ഖബറടക്കും. മരണാനന്തര നടപടികൾക്ക് ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഖാലിദ് പട്ല, അബ്ദുല്ലത്തീഫ് കൊളപ്പുറം, മുഹമ്മദ് റാഫി ഉള്ളണം, മൻസൂർ കുണ്ടോട്ടി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.