ദമ്മാം: യാത്രകളെ സ്നേഹിച്ച് അൽഖോബാറിലെ മലയാളി കുടുംബങ്ങൾ. 'ലെറ്റസ് ഗെറ്റ് എവേ' എന്ന വാട്സ്ആപ് ഗ്രൂപ് കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഖോബാറിലുള്ളവരുടെ യാത്ര സൗഹൃദസംഘം രൂപവത്കരിച്ചാണ് വിനോദയാത്രകൾ നടത്തുന്നത്. എല്ലാ അവധി ദിനങ്ങളിലും സൗദിയിൽ ഏതെങ്കിലും ഭാഗത്തേക്ക് ഇവർ യാത്ര നടത്തുകയാണ്. ഈ പെരുന്നാൾ അവധിയിലും സൗദിയുടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തി. സ്വന്തം വാഹനങ്ങളിൽ ഓരോ കുടുംബവും യാത്ര ചെയ്യുന്നതെങ്കിലും കൃത്യമായ നിർദേശം നൽകാനും യാത്ര നയിക്കാനും തയാറായി ഒരു വിഭാഗമുണ്ടാകും. ഖോബാറിൽനിന്നു പുറപ്പെടും മുമ്പേ പോകേണ്ട സ്ഥലങ്ങളും കൃത്യമായ റൂട്ടുകളും താമസിക്കാൻ ഹോട്ടലുകളും തയാറാക്കി ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെയാണ് എല്ലാ യാത്രകളും.
ടൂറിസം മേഖലയിൽ ഒരുപാട് അത്ഭുതങ്ങളും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒട്ടനവധി അതിശയങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് സൗദി അറേബ്യയുടേതെന്ന് യാത്രസംഘത്തിൽപെട്ടവർ പറയുന്നു.
കണ്ണെത്താ ദൂരത്തോളം മണലാരണ്യവും മലകളും കേരളത്തെ ഓർമിപ്പിക്കുന്ന പച്ചപ്പും കൃഷിപ്പാടങ്ങളും തണുത്തുറഞ്ഞ മലകളും വളഞ്ഞുപുളഞ്ഞ മുടിപ്പിൻ വളവുകളും വ്യൂ പോയന്റുകളും പൂന്തോട്ടങ്ങളും മനോഹരമായ ബീച്ചുകളും ഉൾപ്പെടെ ആസ്വാദ്യകരമായ കാഴ്ചാനുഭവമാണ് സൗദിയിലെ യാത്രകളിൽനിന്ന് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
അൽഖോബാർ, ജുബൈൽ, അൽഅഹ്സ, റിയാദ്, ഹരിഖ്, അബഹ, ആൽബഹ, വാദിലജബ്, ജിസാൻ, ഫർസാൻ ദ്വീപ്, യാംബു, അൽഉല, തബുക് എന്നീ പ്രദേശങ്ങളിലേക്കാണ് ഇതുവരെ വിനോദയാത്രകൾ നടത്തിയത്. സൗദിയെ വരണ്ട മരുഭൂമിയായി കാണുന്നവരാണ് അധികവും. പക്ഷേ നമ്മുടെ കേരളത്തെപ്പോലും വെല്ലുന്ന അതിമനോഹരമായ ഇടങ്ങൾ സൗദിയിലുണ്ട്.
കാലങ്ങളായി ഇവിടെ ജീവിച്ചിട്ടും ഇതൊന്നും മനസ്സിലാവാതെ പോയവരാണ് അധികമെന്ന് യാത്രകളുടെ കോഓഡിനേറ്റർ സുജാദ് സുധീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.