റിയാദ്: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി റിയാദിലുള്ള 80 പേരിൽനിന്ന് വൻതുക തട്ടിയെടുത്ത് മലയാളി അധ്യാപകൻ മുങ്ങിയെന്ന്. റിയാദിലെ സ്വകാര്യ സ്കൂളില്‍ അധ്യാപകനായിരുന്ന കോഴിക്കോട് പൂവാട്ടുപറമ്പ് കൊള്ളോളത്ത് തിരുത്തിപ്പള്ളി അല്‍താഫ് ആണ് 10 കോടി രൂപ സമാഹരിച്ച് മുങ്ങിയതെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
റിയാദിലെ ഇന്ത്യന്‍ എംബസി, നോര്‍ക്ക, കേരള പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി നോര്‍ക്കക്ക് ഇ-മെയില്‍ സന്ദേശവും അയച്ചു.
ആറു വര്‍ഷത്തോളം ബിന്‍ ലാദിന് കമ്പനിയില്‍ ജോലിചെയ്ത ഇദ്ദേഹം മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്കൂളില്‍ കെമിസ്ട്രി അധ്യാപകനായിരുന്നു. ബിന്ലാദിന് കമ്പനിയിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാള്‍ അവരില്‍ പലരുടെയും ശമ്പളവും ജോലിയില്‍നിന്ന് പിരിയുമ്പോള്‍ കിട്ടുന്ന സർവിസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞ് കൈക്കലാക്കി.
ഏതാനും നഴ്സുമാര്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് നല്കി. താന്‍ നല്കുന്ന ലാഭവിഹിതത്തില്‍നിന്ന് ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്ന് വിശ്വസിപ്പിച്ചാണ് ലോണെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
ദുബൈയില്‍നിന്ന് സൗദിയിലേക്ക് ചോക്ലറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണ് ചിലരോട് പറഞ്ഞത്. മറ്റു ചിലരില്‍ ചിട്ടിയെന്ന് വിശ്വസിപ്പിച്ച് എല്ലാ മാസവും വന്‍തുക വാങ്ങി.
പലര്‍ക്കും പല സമയങ്ങളിലും ലാഭവിഹിതമായി ചെറിയ തുക നല്കി. നാട്ടിലുള്ളവരില്നിന്നും പണം വാങ്ങിയിട്ടുണ്ട്. സംഘടനകളിലോ കൂട്ടായ്മകളിലോ അംഗമല്ലാത്ത ഇയാള്‍ മാന്യമായി പെരുമാറിയാണ് പണം കൈപ്പറ്റിയത്. എല്ലാവരുമായും രഹസ്യമായി ഇടപാട് നടത്തിയതിനാല്‍ പണം കൈമാറ്റം സുഹൃത്തുക്കള്‍ പോലും പരസ്പരം അറിഞ്ഞിരുന്നില്ല.
ബിസിനസ് പാര്‍ട്ണര്‍മാരാണെന്ന് പറഞ്ഞു മറ്റുള്ളവരുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരുന്ന ഇയാള്‍ തന്റെ അകൗണ്ട് വിവരങ്ങളും മറച്ചുവെച്ചിരുന്നു.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പലര്‍ക്കും നാമമാത്ര ലാഭം നല്‍കുന്നതോടൊപ്പം വന്‍തുക നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ പണം എന്തുചെയ്തുവെന്ന് വ്യക്തമല്ല. ഇത്രയും കാലത്തെ സമ്പാദ്യമാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് ഇവര്‍ പറയുന്നു.
ഭാര്യയുടെ ഉമ്മക്ക് സുഖമില്ലെന്നും അവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് തിരിച്ചുവരാമെന്നും പറഞ്ഞ് ഒന്നരമാസം മുമ്പാണ് റിയാദിൽനിന്ന് മുങ്ങിയത്. എന്നാല്‍, നാട്ടിൽ അന്വേഷിച്ചപ്പോള്‍ അങ്ങനെ ആര്‍ക്കും അസുഖമില്ലെന്നും അവര്‍ അവിടെ എത്തിയിട്ടില്ലെന്നും വ്യക്തമായി. 13 വര്‍ഷമായി ബന്ധമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നതെങ്കിലും 2019ല്‍ അയാളുടെ മാതാപിതാക്കള്‍ റിയാദില്‍ സന്ദര്‍ശക വിസയില്‍ വന്നു താമസിച്ചിട്ടുണ്ട്.
സ്കൂളില്‍നിന്ന് ഒരാഴ്ചത്തെ ലീവെടുത്താണ് ഇദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി പോയത്. ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് എംബസി അറിയിച്ചതായി തട്ടിപ്പിനിരയായവർ പറഞ്ഞു. അൽതാഫിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന കോഴിക്കോട് പൂവാട്ട്പറമ്പിലെ വീട്ടിലും ഇപ്പോള്‍ താമസിക്കുന്ന പുളിക്കലിലെ വീട്ടിലും ഇതുവരെ എത്തിയിട്ടില്ല. മുംബൈയിലുണ്ടാകാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു. സാബിര്‍ മുഹമ്മദ്, അന്‍സല്‍ മുഹമ്മദ്, സമദ് പള്ളിക്കല്‍, സമീര്‍, സജീറുദ്ദീന്‍, സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.