ജിദ്ദ: വൃക്കരോഗം ബാധിച്ച് ഇരു വൃക്കകളും പ്രവർത്തന രഹിതമായതിനെ തുടർന്ന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്ന മുൻ പ്രവാസി കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ നിവാസിയായ നിർധന കുടുംബത്തിലെ സഹോദരന് കണ്ണമംഗലം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക റിലീഫ് സെൽ (മാസ് റിലീഫ് സെൽ) നൽകുന്ന ചികിത്സാ സഹായം ഒ.ഐ.സി.സി ജിദ്ദ റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ഹകീം പാറക്കൽ മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂറിന് കൈമാറി.
നിർധനർക്കും നിരാലംബർക്കും താങ്ങും തണലുമായി ഭവന നിർമ്മാണം, സമൂഹ വിവാഹം, തൊഴിൽ സഹായം, ചികിത്സാ സഹായമുൾപ്പെടെ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ മാസിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഹകീം പാറക്കൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച മാസ് ഹ്രസ്വമായ കാലയളവിനുള്ളിൽ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും തുടർന്നും മാസ് ഏറ്റെടുക്കുന്ന സദുധ്യമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ റീജ്യയനൽ കമ്മിറ്റി ഭാരവാഹികളായ അസ്ഹാബ് വർക്കല, ഷെരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, അലി തേക്കുതോട്, രാധാകൃഷ്ണൻ കാവുംബായ്, ആസാദ് പോരൂർ, മുജീബ് തൃത്താല, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, മലപ്പുറം ജില്ല പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട്, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് അക്ബർ വാളക്കുട, ഇല്യാസ് കണ്ണമംഗലം, കെ.സി ഷരീഫ് ഉൾപ്പെടെ ഒ.ഐ.സി.സി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. വിവാഹം സ്വപ്നമായി കഴിഞ്ഞിരുന്ന 19 പെൺകുട്ടികൾക്ക് ദാമ്പത്യ ജീവിതം നൽകൽ, നിർധനരായ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകൽ, നിരവധി രോഗികൾക്ക് ചികിത്സ സഹായം നൽകൽ, അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തൽ, പ്രളയ ദുരിതത്തിൽ കഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാന്ത്വനം നൽകൽ, കോവിഡ് രോഗികളുടെ കുടുംബങ്ങളിൽ ഭക്ഷ്യക്കിറ്റ് നൽകൽ, പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് പ്രോത്സാഹനം നൽകൽ, കുളം നന്നാക്കൽ, കാട് വെട്ടി നന്നാക്കൽ തുടങ്ങിയ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തുവാൻ മാസിന് കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.
വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന പാവപ്പെട്ട മുൻ പ്രവാസിയുടെ കുടുംബത്തിന് മാസ് നിർമിച്ചു നൽകുന്ന മൂന്നാമത്തെ വീടിന്റെ (മാസ് ഭവനം-3) നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും മാസ് റിലീഫ് സെൽ ഭാരവാഹികളായ മജീദ് ചേറൂർ, അക്ബർ വാളക്കുട, ഇല്യാസ് കണ്ണമംഗലം, കെ.സി ഷരീഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.