തബൂക്ക്: ആതുരസേവന രംഗത്തെ രണ്ടു പതിറ്റാണ്ടു കാലത്തെ സ്തുത്യർഹമായ സേവനത്തിനും മലയാളി സമൂഹത്തിനും നൽകിയ സ്നേഹ സഹകരണത്തിനും നന്ദിസൂചകമായി നാട്ടിലേക്ക് യാത്രയാകുന്ന തബൂക്ക് കിങ് ഫഹദ് ആശുപത്രി നഴ്സിങ് സൂപ്പർവൈസറായ ആൻസി ജേക്കബിന് മാസ്സ് തബൂക്ക് ആദരവും യാത്രയയപ്പും നൽകി. 20 വർഷമായി തബൂക്കിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കിങ് ഖാലിദ്, കിങ് ഫഹദ് ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ സഹായിക്കുന്നതിനും പരിചരിക്കുന്നതിനും എന്നും മാനുഷിക പരിഗണനയോടെ സന്നദ്ധയാകുന്ന വ്യക്തിത്വമായിരുന്നു ഇവർ. കോവിഡ് കാലത്ത് തബൂക്കിലെ മലയാളി സമൂഹത്തിനാകെ സാന്ത്വനത്തിന്റെ കരസ്പർശവുമായി മുന്നിലുണ്ടായിരുന്നു.
2018ൽ നാട്ടിലുണ്ടായ മഹാപ്രളയത്തിലും സഹജീവികളെ സഹായിക്കുന്നതിനായി ആശുപത്രിയിലെ മറ്റ് സഹപ്രവർത്തകരെ കൂട്ടുപിടിച്ചു നാട്ടിലേക്കുള്ള ആവശ്യസാധനങ്ങളും സാമ്പത്തിക സഹായങ്ങളും നൽകുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. മാസ്സ് തബൂക്കിന്റെ ഉപഹാരം മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, റിറ്റി മാത്യു എന്നിവർ ചേർന്ന് അവർക്ക് നൽകി. ആദരവിനും സ്നേഹത്തിനും ആൻസി ജേക്കബ് നന്ദി പറഞ്ഞു. തബൂക്ക് മാക്സ് സ്റ്റോറിലെ ജീവനക്കാരനായിരുന്ന ജേക്കബ് ബെഞ്ചമിനാണ് ഭർത്താവ്. വിദ്യാർഥികളായ അബിയ, ആലിസ് ജേക്കബ്, ഫെബിയ മരിയ ജേക്കബ് എന്നിവർ മക്കളാണ്. കോഴിക്കോട് മുക്കം കൂടരഞ്ഞിയാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.