റിയാദ്: മേയ് ദിനത്തിന്റെ ഭാഗമായി റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിൽ നടന്ന പരിപാടി വേറിട്ട ആഘോഷമായി മാറി. വിദ്യാർഥികൾ തങ്ങളുടെ വിദ്യാലയത്തിലെ ശുചീകരണ തൊഴിലാളികളെയും സെക്യൂരിറ്റി ഗാർഡുകളെയും ബഹുമാനപൂർവ്വം സ്റ്റേജിൽ വിളിച്ചുവരുത്തി ആദരിക്കുകയായിരുന്നു. ആറ് മുതൽ എട്ട് വരെ പഠിക്കുന്ന കുട്ടികൾ ഓരോരുത്തരും വീട്ടിൽ നിന്നുകൊണ്ടുവന്ന വൈവിധ്യമാർന്ന ഓരോ പഴവും പച്ചക്കറിയും ചേർത്തുവെച്ച് നാലഞ്ച് കിലോ വരുന്ന കിറ്റ് തയാറാക്കി അവർക്ക് സമ്മാനമായി നൽകി. വിദ്യാർഥികളുടെ സ്വന്തം ഭാവനയിൽ വിരിഞ്ഞ സ്നേഹത്തിന്റെയും മാനുഷികതയുടെയും ഈ കൂട്ടായ യത്നത്തെ പ്രിൻസിപ്പൽ മീര റഹ്മാനും അധ്യാപകരും പ്രശംസിച്ചു. എല്ലാ വിഭാഗം തൊഴിലാളികളുടെയും അധ്വാന പരിശ്രമങ്ങൾ സമൂഹത്തിനാവശ്യമാണെന്നും ആരെയും അവഗണിച്ചു നമുക്ക് മുന്നോട്ടു പോകാനാവില്ലെന്നുമുള്ള സന്ദേശം വിളിച്ചു പറയുന്നതായിരുന്നു പരിപാടി. ഓഡിറ്റോറിയത്തിലെ ഇരിപ്പിടത്തിൽ നിന്നും കുട്ടികൾ ഓരോ തൊഴിലാളിയെയും സ്റ്റേജിലേക്ക് ആനയിക്കുകയും സമ്മാനങ്ങൾ നൽകിയ ശേഷം തിരിച്ചെത്തിക്കുകയും ചെയ്തത് ഏറെ ആകർഷകമായിരുന്നു. സൂപ്പർവൈസർമാരായ സുജാത പ്രേംലാൽ, സുലേഹ നാസ് അധ്യാപകരായ ഫൈസ സുൽത്താന, മീനാമോൾ ശ്രീകുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.