ജിദ്ദ: ഉംറ തീർഥാടകരെ സ്വീകരിക്കാൻ മുഴുവൻ 'മീഖാത്തു'കളിലും ഒരുക്കം പൂർത്തിയായി. ആരോഗ്യവകുപ്പ് അംഗീകരിച്ച പെരുമാറ്റചട്ടങ്ങൾ അനുസരിച്ച് തീർഥാടകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകളാണ് മീഖാത്തുകളിൽ പൂർത്തിയാക്കിയിരിക്കുന്നതെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു.കോവിഡ് റിപ്പോർട്ട് ചെയ്തതു മുതൽ അതിനെ നേരിടാൻ ഗവൺമെൻറ് സ്വീകരിച്ച നടപടികൾ ശ്രദ്ധേയമാണ്. പൗരന്മാരുടെയും താമസക്കാരുടെയും തീർഥാടകരുടെയും ആരോഗ്യ സുരക്ഷക്ക് ഗവൺമെൻറ് വകുപ്പുകൾ സാധ്യമായ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുകയുണ്ടായി.
ഉംറ ഘട്ടംഘട്ടമായി ആരംഭിക്കാനുള്ള തീരുമാനം വന്നതു മുതൽ മതകാര്യ മന്ത്രാലയം ആവശ്യമായ ഒരുക്കം ആരംഭിച്ചിട്ടുണ്ട്.ശുചീകരണത്തിനും അണുമുക്തമാക്കലിനും ദേശീയ കമ്പനികളെ നിശ്ചയിച്ചിട്ടുണ്ട്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ എല്ലാ സംവിധാനവും ഒരുക്കും.
ആരോഗ്യ പെരുമാറ്റചട്ടങ്ങൾക്ക് അനുസൃതമായി പള്ളികളും 'മീഖാത്തു'കളും പ്രവർത്തന സജ്ജമാക്കുന്നതിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. മീഖാത്തുകളിൽ പ്രബോധകരെ നിയോഗിക്കും, റിപ്പയറിങ് ജോലികളും സേവനങ്ങളും നിരീക്ഷിക്കുന്നതിന് സൂപ്പർവൈസർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.