റിയാദ്: ലോകപ്രശസ്ത ഡി.ജെ കലാകാരന്മാർ അരങ്ങുവാണ മിഡിൽ ബീസ്റ്റ് സൗണ്ട് സ്റ്റോം സംഗീത രാവുകൾ സൗദി തലസ്ഥാന നഗരത്തെ ആനന്ദത്തിൽ ആറാടിച്ചു. സൗദി എന്റർടൈമെന്റ് അതോറിറ്റി സംഘടിപ്പിച്ച 'മിഡിൽ ബീസ്റ്റ് സൗണ്ട് സ്റ്റോം-2022' സംഗീതമേളക്ക് വ്യാഴാഴ്ച വൈകിട്ടാണ് തുടക്കമായത്. റിയാദ് നഗരപ്രാന്തത്തിലെ വിശാലമായ ബൻബാൻ മൈതാനത്ത് ആദ്യദിനം തന്നെ ആസ്വാദക ലക്ഷങ്ങളുടെ കടലിരമ്പിയാർത്തു. ഒന്നിലധികം വേദികൾ കൂട്ടിയിണക്കി അതിലെല്ലാം ഡി.ജെകൾ പാടി തിമിർത്താടി. 'ബിഗ് ബീസ്റ്റ്' എന്ന പേരുള്ളതായിരുന്നു പ്രധാന വേദി. ഡാൻസ് ബീസ്റ്റ്, ഡൗൺ ബീസ്റ്റ്, ഭൗമതലം എന്നിങ്ങനെ വേറെയും വേദികൾ.
പാടി പുലരുന്ന രാവുകളിൽ ഇഷ്‌ട താരങ്ങളോടൊപ്പം വേദിക്ക് പുറത്ത് ആടാനും പാടാനും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സംഗീതാസ്വാദകരെത്തി. ഏറ്റവും വലിയ ജനത്തിരക്കുണ്ടായത് വെള്ളിയാഴ്ചയാണ്. വൈകീട്ട് ഏഴോടെ അരങ്ങുകൾ ഉണർന്നുകഴിഞ്ഞിരുന്നു. വിഖ്യാത ബോസ്‌നിയൻ ഡി.ജെ സാൽവത്തോർ ഗനാച്ചിയാണ് ആദ്യം വേദിയിലെത്തിയത്. സാൽവത്തോർ പാടി തുടങ്ങിയതോടെ സദസ് ഉണർന്നു. മുന്നിൽ പ്രേക്ഷക കടലിരമ്പിയാർത്തു. ആസ്വാദകരുടെ തിരമാലകളിലേക്ക് ചാടിയിറങ്ങിയ താരത്തെ അഭിവാദ്യങ്ങളോടെ ചങ്കിലേറ്റുവാങ്ങി ആരാധക കൂട്ടം. സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഒരുക്കിയ വഴിയിലൂടെ പാടി ഗായകൻ വീണ്ടും വേദിയിലെത്തി അരങ്ങ് തകർത്തു.
സൗദിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലെബനോൻ ഡി.ജെ നാൻസി അജ്‌റാമിന്റേതായിരുന്നു അടുത്ത ഊഴം. അനൗൺസ് വന്നപ്പോഴേക്കും സദസ്സ് ഒന്നാകെ ഇളകി മറിഞ്ഞു. പാട്ടുപാടി വേദിയിലെത്തിയ നാൻസിയെ സ്വീകരിച്ചത് അഭിനന്ദന വാക്കുകളുടെ പൂച്ചെണ്ടുകൾ. സ്റ്റേജിൽനിന്ന് സദസ്സിന്റെ ഏറ്റവും അടുത്തെത്താൻ പ്രത്യേകം ഒരുക്കിയ പാലത്തിലൂടെ ഓടി നാൻസി സദസ്സിന്റെ അരികിലേക്ക്, അൽപസമയം നിശബ്ദം. ഒടുവിൽ ഉച്ചത്തിൽ എന്നോടൊപ്പം പാടില്ലേന്ന് സദസ്സിലേക്ക് ചോദ്യമെറിഞ്ഞു. അതിനുള്ള കാത്തിരിപ്പിലാണെന്ന് സദസിൽനിന്ന് അറബിയിലും ഇംഗ്ലീഷിലും മറുപടി. നാൻസിയോടൊപ്പം സദസ്സും പാടിയപ്പോൾ വിശാലമായ ബൻബാൻ മൈതാനം പ്രകമ്പനം കൊണ്ടു.
നാൻസിക്ക് ശേഷം വേദിയിലെത്തിയത് അറബ് ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഗായകൻ അമർ ദിയാബ്. അമർ വേദി വിടുംവരെ വിശ്രമമുവാണ്ടയിട്ടില്ല സദസ്സിന്. തിരമാലകൾ അലയടിച്ചുയരുന്ന പ്രേക്ഷക കടലിലേക്ക് നോക്കി അദ്ദേഹം വിളിച്ചുപറഞ്ഞു; 'മറക്കില്ല ഈ സദസിനെ'.
പിന്നീടാണ് ആ മാസ് എൻട്രിയുണ്ടായത്. സദസ് സാകൂതം കാത്തുനിന്നത് അയാളെ കേൾക്കാനാണെന്ന് തോന്നിപ്പോകും വിധമായിരുന്നു ഡി.ജെ ഖാലിദിന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള അനൗൺസ്മെന്റിനോടുണ്ടായ പ്രതികരണം. അമേരിക്കൻ ഡൻസ് ജോക്കിയായ ഖാലിദിന്റെ വരവോടെ സദസ്സ് ആവേശത്തിരയിളക്കി. അയാളോടൊപ്പം ഈരടികൾ പാടിയും ചുവടുവെച്ചും ആഘോഷത്തിന്റെ ഉച്ചിയിലെത്തിച്ച് അവിസ്മരണീയമാക്കി. പ്രാദേശികവും അന്തർദേശീയവുമായ നിരവധി കലാകാരന്മാരാണ് മൂന്ന് ദിവസത്തെ പരിപാടിയിൽ അണിനിരന്നത്.
എല്ലാ ദിവസവും വൈകീട്ട് നാലോടെ ആരംഭിച്ച സംഗീത പരിപാടി പുലർച്ചെ 3.30-നാണ് അവസാനിച്ചത്. പരിപാടി ആസ്വദിക്കാനെത്തുന്നവർക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. മിഡിൽ ബീസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി റിയാദ് സീസൺ വേദികൾ നിർത്തി വെച്ചിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും കിലോമീറ്ററുകൾ നീണ്ട സുരക്ഷാവലയം ഒരുക്കിയിരുന്നു. വേദിക്ക് മുകളിലൂടെ സുരക്ഷാ ചിറക് വിരിച്ച് ഹെലികോപ്റ്ററുകളും പറക്കുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കാനും പാർക്കിങ്ങിനും പ്രത്യേക സംഘം തന്നെ ബൻബാനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.