ജിദ്ദ: ഇരുഹറമുകളിലും വെള്ളിയാഴ്ച രാത്രി ഖത്മുൽ ഖുർആനിനോടനുബന്ധിച്ച് നടന്ന തറാവീഹ് നമസ്കാരത്തിൽ ജനലക്ഷങ്ങൾ പങ്കാളികളായി. റമദാൻ 29ലെ ഖത്മുൽ ഖുർആനിലും പ്രാർഥനയിലും പങ്കുചേരാൻ തീർഥാടകർക്ക് പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വദേശികളും വിദേശികളുമായ പതിനായിരങ്ങളാണ് ഹറമുകളിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് കണക്കിലെടുത്ത് സേവന വകുപ്പുകൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
നമസ്കാരവേളയിൽ മസ്ജിദുൽ ഹറാമിനകവും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. പരിസരത്തെ റോഡുകളിലേക്ക് വരെ നമസ്കാര അണികൾ നീണ്ടു. തറാവീഹ് നമസ്കാരത്തിന് ശൈഖ് അബ്ദുല്ല അൽജുഹ്നിയും ഡോ. അബ്ദുറഹ്മാൻ അൽസുദൈസും നേതൃത്വം നൽകി.
സൗദി ഭരണാധികാരി സൽമാൻ രാജാവും ഹറമിലെ തറാവീഹിലും ഖത്മുൽ ഖുർആനിലും പങ്കാളിയായി. വ്യാഴാഴ്ച രാത്രിയോടെയാണ് സൽമാൻ രാജാവ് മക്കയിലെത്തിയത്.
മദീനയിലെ മസ്ജിദുന്നബവിയിൽ ശൈഖ് ഖാലിദ് അൽമുഹന, ശൈഖ് സ്വലാഹ് അൽബദീറും തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകി. ഇരുഹറമുകളിലും ഖത്മുൽ ഖുർആനിനോടനുബന്ധിച്ച് തീരുമാനിച്ച പ്രവർത്തനങ്ങൾ വിജയകരമായിരുന്നുവെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.