റിയാദ്: റിയാദ് വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടു മലയാളികളെയും കണ്ടെത്തി. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽനിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ കാണാതായ പരപ്പനങ്ങാടി സ്വദേശിയെയും തൃശൂരിൽ റിയാദിലേക്ക് വന്ന മലയാളിയെയുമാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. ഇരുവരും പൊലീസ് കസ്റ്റഡിയിലാണുള്ളത്. ജിസാനിൽനിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ തൃശൂർ സ്വദേശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായി.
നേരത്തേ ഇത്തരത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹം വിമാനത്തിനകത്തു വെച്ച് പ്രശ്നങ്ങളുണ്ടാക്കിയതോടെ റിയാദ് പൊലീസിന് കൈമാറുകയായിരുന്നു. അസുഖം സംബന്ധിച്ച് പൊലീസുകാരെ ബോധ്യപ്പെടുത്തുകയും ജിസാനിൽനിന്ന് ക്ലിയറൻസിനായി കാത്തിരിക്കുകയാണെന്നും സിദ്ദീഖ് തുവ്വൂർ അറിയിച്ചു. മാനസികാസ്വാസ്ഥ്യം നേരിട്ടയാൾക്ക് ചികിത്സ നൽകാതെ നാട്ടിലേക്കയക്കാൻ ശ്രമിച്ചതാണ് വിനയായത്.
നേരത്തേ സൗദിയിൽ ബഖാലയിൽ (ഗ്രോസറി ഷോപ്) കേടായ സാധനങ്ങൾ വിറ്റ കേസിൽ നിയമനടപടി നേരിടുന്ന പരപ്പനങ്ങാടി സ്വദേശിയെയും പൊലീസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു.
ഇദ്ദേഹം കോഴിക്കോട്ടുനിന്ന് റിയാദ് വഴി അബഹയിലേക്കുള്ള യാത്രയിലായിരുന്നു. ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഇനിയും അവസാനിച്ചിട്ടില്ല. ഇദ്ദേഹത്തെ അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.