റിയാദ്: മലയാളത്തിന്റെ ഇതിഹാസമായ എം.ടി. വാസുദേവൻ നായരുടെ സാഹിത്യ പ്രപഞ്ചത്തിലേക്ക് വെളിച്ചം വീശി റിയാദിലെ ചേതന ലിറ്റററി ഫോറം സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. ബത്ഹ സഫാമക്ക ഹാളിൽ ചേർന്ന സംഗമത്തിൽ ചേതന പ്രസിഡൻറ് ഡോ. മുഹമ്മദ് ലബ്ബ അധ്യക്ഷത വഹിച്ചു. ‘നാലുകെട്ട്’ എന്ന വാസ്തു മാതൃക ഒരു ജീവിത വ്യവസ്ഥയുടെ പ്രതിനിധാനം വഹിക്കുന്ന രൂപകമാണെന്നും അധികാരത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും നാലുകെട്ടുകൾ പൊളിച്ചുപണിയുന്നുണ്ട് എം.ടിയുടെ നോവലിലെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂഡലിസത്തിനെതിരെ പൊരുതാനും ഫാഷിസത്തിനെതിരെ അടിയുറച്ച നിലപാടെടുക്കാനും എം.ടി കൃതികൾ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുത്തുകാരി സുബൈദ കോമ്പിൽ ‘എം.ടിയുടെ സാഹിത്യലോകം’ എന്ന ചർച്ചക്ക് തുടക്കം കുറിച്ചു. തന്റെ ജീവിത പരിസരത്തുനിന്നും കണ്ടുമുട്ടിയ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെ സ്വപ്നങ്ങളും മനോവ്യഥകളും സംഘർഷങ്ങളും ഭാവതീവ്രതയോടെ അവതരിപ്പിച്ചുവെന്നും മലയാളത്തെയും കൈരളിയെയും ലോകസാഹിത്യത്തിലേക്ക് കൈപിടിക്കുകയായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. എം.ടിയുടെ വിയോഗം സൃഷ്ടിച്ചത് ഒരു ശൂന്യതയാണെന്നും കഥകൾക്കും സിനിമകൾക്കുമപ്പുറം വൈജ്ഞാനിക സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് എം.ടിയെന്നും മാധ്യമപ്രവർത്തകനായ നജിം കൊച്ചുകലുങ്ക് പറഞ്ഞു. നിരന്തരം വായിച്ചുകൊണ്ട് ലോകത്തെ സ്വാംശീകരിച്ച അദ്ദേഹത്തെ ശരിയായ പുനർവായനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധത്തെ തുഗ്ലക് പരിഷ്കാരമെന്ന് വിശേഷിപ്പിച്ച എം.ടി, മലയാളിയുടെ ആത്മാഭിമാനത്തെ ലോകത്തോളം ഉയർത്തുകയും ഭാഷയെ അത്രമേൽ സൗന്ദര്യമാത്മകമായി സന്നിവേശിപ്പിക്കുകയും ചെയ്ത അനുഗ്രഹീതനായ എഴുത്തുകാരനായിരുന്നുവെന്നും ആ സിംഹാസനം ഇന്ന് ശൂന്യമാണെന്നും പൊതുപ്രവർത്തകൻ സത്താർ താമരത്ത് പറഞ്ഞു.
സാംസ്കാരിക പ്രവർത്തകരായ ഷഫീഖ് തലശ്ശേരി, എം.പി. ഷഹ്ദാൻ, ഡോ. ഹസീന പുന്നപ്പലത്ത്, ഹഫീസ് കൊളക്കോടൻ, റഹ്മത്ത് തിരുത്തിയാട്, നസീർ നദ്വി എന്നിവർ സംസാരിച്ചു. ചേതന എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും മൊയ്തു ഇരിട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.