ജിദ്ദ: അവധിക്കു നാട്ടിൽ പോകാനിരിക്കെ പക്ഷാഘാതം തളർത്തിയ മലയാളിയെ നാട്ടിലയച്ചു. മൂന്നു പതിറ്റാണ്ടോളമായി ജിദ്ദയിൽ പ്രവാസിയായ മലപ്പുറം തിരൂർ അന്നാര സ്വദേശി മുഹമ്മദലി പക്ഷാഘാതം ബാധിച്ചതിനാൽ ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദ സലാമയിലെ ഒരു കർട്ടൻ കടയിൽ 28 വർഷം ജോലിചെയ്ത മുഹമ്മദലി കഴിഞ്ഞ രണ്ടുവർഷമായി മഹ്ജറിലെ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിൽപോകാനുള്ള ഒരുക്കത്തിനിടെയാണ് പക്ഷാഘാതം പിടിപെട്ട് അവശനിലയിലായത്. നല്ല ആരോഗ്യമുള്ള മുഹമ്മദലി കുറച്ചു ദിവസം മുമ്പാണ് ഇടതു കൈക്കും കാലിനും തളർച്ച ബാധിച്ച് ജിദ്ദയിലെ ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. രോഗാവസ്ഥ ത്വരിതഗതിയിൽ കൂടിയതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് ടാക്സിയിൽ പോകാനായി കയറിയ മുഹമ്മദലിയെ ടാക്സി ഡ്രൈവറുടെ സന്ദർഭോചിത ചിന്തയാണ് കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചത്.
അസുഖ വിവരമറിഞ്ഞ നാട്ടിലുള്ള ഭാര്യ ജിദ്ദയിലുള്ള അവരുടെ പിതൃസഹോദരപുത്രനായ ബഷീറിനെ ടെലിഫോണിൽ ബന്ധപ്പെടുകയായിരുന്നു. ബഷീർ യൂനിവേഴ്സിറ്റി ആശുപത്രിയിലെത്തിയപ്പോഴേക്കും മുഹമ്മദലി തീരെ അവശനായി ശരീരത്തിെൻറ ഇടതുഭാഗം തളർന്ന് സംസാരശേഷി ഏതാണ്ട് നഷ്ടപ്പെട്ട രീതിയിലായിരുന്നു.
ബഷീർ ഇപ്പോൾ നാട്ടിലുള്ള സുഹൃത്തും ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹിയുമായ നൗഫൽ താനൂരുമായി ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം ഹസൈനാർ മാരായമംഗലത്തിെൻറ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയും പരിചരണത്തിനുള്ള സഹായങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അഞ്ചു ദിവസത്തോളം കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭിച്ചതിനാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കൈവരിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർചികിത്സക്കും കുടുംബത്തിെൻറ പരിചരണം ലഭിക്കുന്നതിനും നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ സോഷ്യൽ ഫോറം വളൻറിയർമാർ ഏർപ്പെടുത്തുകയും ചെയ്തു.
ജാമിഅ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മുഹമ്മദലിയെ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മമ്പാട്, ഹസൈനാർ മാരായമംഗലം, ബഷീർ, അബ്ദുല്ല ഓണക്കാട് എന്നിവരും മറ്റു ബന്ധുക്കളും ചേർന്ന് കഴിഞ്ഞദിവസം ജിദ്ദ എയർപോർട്ടിലെത്തിച്ച് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസിൽ നാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു.
കൊച്ചി എയർപോർട്ടിൽ മുഹമ്മദലിയെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും നൗഫൽ താനൂരും എത്തിയിരുന്നു. പിന്നീട് മുഹമ്മദലിയെ തുടർചികിത്സക്കായി കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.