ജിദ്ദ: രണ്ടു ദിവസത്തെ 'ബലദ് ബീസ്റ്റ്' ഫെസ്റ്റിവലിന് വെള്ളിയാഴ്ച ജിദ്ദയിൽ തുടക്കം. ശനിയാഴ്ചവരെ ജിദ്ദ ബലദിലെ ചരിത്രമേഖല സംഗീത കലാപ്രകടനങ്ങളുടെ മിന്നും കാഴ്ചകൾക്ക് വേദിയാകും. അഞ്ച് വ്യത്യസ്ത വേദികളിലായി 70ലധികം അന്തർദേശീയ, അറബ് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടിയാണ് അരങ്ങേറുന്നത്. സൗദി മ്യൂസിക്കൽ എൻറർടൈൻമെൻറ് കമ്പനിയായ 'മിഡിൽ ബീസ്റ്റ്' ആണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ജിദ്ദ 'ബലദിൽ' രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ പൈതൃകത്തെ അതിന്റെ പേരുകളിലൂടെ പ്രതിഫലിപ്പിക്കുന്ന മിർകാസ്, റോഷൻ, ബാബ്, സൂഖ്, ഉംദ എന്നീ പേരുകളിലുള്ള ചത്വരങ്ങളുടെ അഞ്ച് വ്യത്യസ്ത തിയറ്ററുകളിലാണ് പരിപാടി. അമേരിക്കൻ റാപ്പർ ബുസ്റ്റ റൈംസ്, ഡി.ജെ കാൾ കോക്സ്, ഇറ്റാലിയൻ ജോഡികളായ ടൈൽ ഓഫ് അസ്, അമേരിക്കൻ താരങ്ങളായ റിക്ക് റോസ്, ലൂപ് ഫിയാസ്കോ, സാൽവറ്റോർ ജാനാച്ചി എന്നിവരാണ് കലാസംഘത്തെ നയിക്കുന്നത്. കൂടാതെ ആഗോള രംഗത്തെ പ്രമുഖരുടെ വലിയ സംഘവുമുണ്ടാകും. പ്രാദേശിക മേഖല പ്രതിഭകളിൽനിന്ന് ഡോറർ, കിയാൻ, ഡാന ഹുറാനി, ബേർഡ് പിയേഴ്സൺ എന്നിവരും പങ്കെടുക്കും.
ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ജനറൽ, വി.ഐ.ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ലഭിക്കുന്നത്. ജനറൽ ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഫെസ്റ്റിവലിന്റെ അഞ്ച് തിയറ്ററുകളിലേക്ക് പ്രവേശനം നൽകും. ഒരു ദിവസത്തെ സന്ദർശനത്തിന് 399 റിയാലും രണ്ടു ദിവസത്തിന് ഒന്നിച്ചെടുക്കുന്ന ടിക്കറ്റിന് 599 റിയാലുമാണ് ഈ ഇനത്തിൽ നിരക്ക്. ഒരു ദിവസത്തിന് 1,999 റിയാലും രണ്ടു ദിവസം ഒന്നിച്ചുള്ള ടിക്കറ്റിന് 2,999 റിയാലും എന്നിങ്ങനെയാണ് വി.ഐ.ബി ടിക്കറ്റ് നിരക്കുകൾ. വി.ഐ.ബി ടിക്കറ്റുകാർക്ക് പൗരാണിക കെട്ടിടങ്ങൾ സന്ദർശിക്കാനും പ്രത്യേക ഗേറ്റിലൂടെ പ്രവേശിക്കാനും ഏറ്റവും രുചികരമായ സൗജന്യ ഭക്ഷണം ആസ്വദിക്കാനും അനുവദിക്കും. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും https://mdlbeast.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.'ബലദ് ബീസ്റ്റ്' ഫെസ്റ്റിവലിന് ഒരുക്കം പൂർത്തിയായതായി എം.ഡി.എൽ ബീസ്റ്റ് സി.ഇ.ഒ റമദാൻ അൽഹർതാനി പറഞ്ഞു. ബലദ് പോലെയുള്ള ഒരു പുരാതന പ്രദേശത്ത് പരിപാടി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഫെസ്റ്റിവലിന്റെ പൊതുശേഷി പ്രതിദിനം 12,000 സന്ദർശകരിൽ കവിയരുതെന്ന് നിർണയിച്ചിട്ടുണ്ട്. പ്രദേശത്തെ പുരാതന കെട്ടിടങ്ങൾക്ക് ശബ്ദപ്രകമ്പനങ്ങളുടെ ആഘാതമൊഴിവാക്കാൻ സുരക്ഷ ഉറപ്പുനൽകുന്ന ഡിഗ്രിയിൽ എത്തുന്നതുവരെ രണ്ടാഴ്ചയോളം തങ്ങൾ ശബ്ദ പരിശോധനകൾ നടത്തിയതായും സി.ഇ.ഒ പറഞ്ഞു. പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നതിനും സംഗീതം, കല, ചരിത്രം, സംസ്കാരം എന്നിവ സമന്വയിപ്പിക്കുന്ന ഒരു അതുല്യമായ അനുഭവം നൽകാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.