അഞ്ചുവർഷത്തിന് ശേഷം നാട്ടിലേക്ക്​ പോകാനിരുന്ന പ്രവാസി യുവാവ് മണിക്കൂറുകൾക്ക് മുമ്പ് മരിച്ചു

റിയാദ്: അഞ്ചുവർഷത്തിന് ശേഷം ആദ്യമായി നാട്ടിലേക്ക്​ പോകാൻ പെട്ടികെട്ടി വെച്ച്​ രാത്രി ഉറങ്ങാൻ കിടന്ന യുവാവ് പിന്നെ​ എഴുന്നേറ്റില്ല. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം തിരൂർ കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് യാത്ര തിരിക്കുന്നത്​ മണിക്കൂറുകൾക്ക്​ മുമ്പ്​ റിയാദിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.55ന്​ റിയാദിൽ നിന്ന് പുറപ്പെട്ട്​ ബുധനാഴ്​ച രാവിലെ ഏഴിന്​ കോഴിക്കോ​ട്ടെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലാണ്​ പോകേണ്ടിയിരുന്നത്​. യാത്രക്കുള്ള ഒരുക്കമെല്ലാം പൂർത്തിയാക്കിയിരുന്നു.

മക്കൾക്കുള്ള ചോക്ലേറ്റും വീട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനങ്ങളുമെല്ലാം വാങ്ങി പെട്ടി കെട്ടിവെച്ച് ഉറങ്ങാൻ കിടന്നതാണ്. പിറ്റേന്ന്​ രാവിലെ ഏറെ വൈകിയിട്ടും വിവരങ്ങളൊന്നും ഇല്ലാഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ റൂമിലെത്തി വിളിച്ചുനോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടനെ സ്‌പോൺസറെ അറിയിക്കുകയും അദ്ദേഹമെത്തി പൊലീസിനെ അറിയിച്ച്​ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

തലേദിവസം സുഹൃത്തുക്കളുമായി തമാശ പറഞ്ഞും നീണ്ട ഇടവേളക്ക്​ ശേഷം നാട്ടിലേക്ക്​ പോകുന്നതി​ന്റെ ആഹ്ലാദം പങ്കിട്ടും പിരിഞ്ഞതാണ്. അഞ്ചുവർഷത്തിന് ശേഷമുള്ള യാത്ര വീട്ടുകാരെ അറിയിക്കാതെ ചെന്ന് സർപ്രൈസ് നൽകുന്ന കൗതുകവും റഫീഖ് പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. വിധി എല്ലാം തകിടം മറിച്ചു. കളിക്കോപ്പുകളും ചോക്ലേറ്റുമായി വരുന്ന ഉപ്പയെ കാത്തിരിക്കുന്ന മക്കളുടെ അടുത്തേക്ക് റഫീഖി​ന്റെ ചേതനയറ്റ ശരീരമാണ് എത്തുക. മുംതാസാണ്​ ഭാര്യ, മക്കൾ: റിഷ, സഹ്‌റാൻ, ദർവീഷ് ഖാൻ.

റിയാദ്​ ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്​ച പുലർച്ചെ 12.40 ന്​ പുറപ്പെടുന്ന ഫ്ലൈനാസ്​ വിമാനത്തിൽ കൊണ്ടുപോകും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പൊതുപ്രവർത്തകൻ സിദ്ധിഖ് തുവ്വൂർ, സുഹൃത്ത് മുബാറക് പുളിക്കൽ, മലപ്പുറം ജില്ല കൂട്ടായ്മയുടെ ഭാരവാഹികൾ എന്നിവർ രംഗത്തുണ്ട്. 

Tags:    
News Summary - Native of Tirur died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.