റിയാദ്: ‘നിയോം’ അതിന്റെ ആദ്യ വിദേശ ഓഫിസ് ലോകത്തിലെ പ്രധാനപ്പെട്ട വ്യാപാര-സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ യു.എസിലെ ന്യൂയോർക്ക് സിറ്റിയിൽ തുറന്നു. അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, നിയോം സി.ഇ.ഒ എൻജിനീയർ നസ്മി അൽനള്ർ, നിയോമിന്റെ തന്ത്രപരവും സാമ്പത്തികവുമായ പങ്കാളികൾ, അമേരിക്കയിലെ ബിസിനസ് സമൂഹം എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തത്.
ന്യൂയോർക്കിൽ നിയോം ഓഫിസ് തുറക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഉദ്ഘാടനവേളയിൽ അമീറ റീമ ബിൻത് ബന്ദർ പറഞ്ഞു.
നവീകരണത്തിനും സുസ്ഥിര വികസനത്തിനും സാമ്പത്തിക വൈവിധ്യവത്കരണത്തിനും ഉത്തേജകമെന്ന നിലയിൽ നിയോം പ്രദാനം ചെയ്യുന്ന അവസരങ്ങൾ സൗദിയിൽ മാത്രം പരിമിതമല്ല. മറിച്ച്, അത് പ്രാദേശികവും അന്തർദേശീയവുമായ ചുറ്റുപാടുകളിലേക്ക് വ്യാപിക്കുന്നു. ഇത് ഭാവിയിലെ നഗരങ്ങൾക്ക് ഒരു അതുല്യ മാതൃകയാണെന്നും സൗദി അംബാസഡർ പറഞ്ഞു.
നിയോമിന്റെ കാഴ്ചപ്പാട് കൈവരിക്കുന്നതിന് ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണക്കാൻ കഴിയുന്ന അന്തർദേശീയ പങ്കാളികളുമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഉറച്ചവിശ്വാസമുണ്ടെന്ന് നിയോം സി.ഇ.ഒ എൻജിനീയർ നസ്മി അൽനള്ർ പറഞ്ഞു. ഈ അവസരത്തിലാണ് ഞങ്ങളുടെ അന്താരാഷ്ട്ര ഓഫിസ് തുറക്കാൻ ന്യൂയോർക് സിറ്റി തിരഞ്ഞെടുത്തത്.
നിരവധി അമേരിക്കൻ കമ്പനികളുമായുള്ള നിക്ഷേപങ്ങളും പങ്കാളിത്തവും നിയോം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫിസിലൂടെ അമേരിക്കയിലെ വ്യവസായിക, ബിസിനസ് മേഖലകളുമായി നിക്ഷേപബന്ധം വികസിപ്പിക്കാൻ നിയോം ആഗ്രഹിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
ന്യൂയോർക് സിറ്റിയിൽ ഓഫിസ് തുറക്കുന്നതിലൂടെ അമേരിക്കയിൽ കൂടുതൽ പുതിയ പങ്കാളിത്തങ്ങളും നിക്ഷേപ അവസരങ്ങളും കണ്ടെത്തുന്നതിനും ആകർഷിക്കുന്നതിനും അമേരിക്കൻ സ്ഥാപനങ്ങളുമായുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ പിന്തുണക്കുമെന്നും നിയോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.