റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘സർഗസന്ധ്യ 2024’ റിയാദിൽ വിപുലമായ പരിപാടികളോടെ അരങ്ങേറി. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാവിരുന്ന് മിഴിവേകി. രാത്രി 9.30ന് നടന്ന സാംസ്കാരിക സമ്മേളനം സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി കാനം രാജേന്ദ്രൻ അനുസ്മരണം നിർവഹിച്ചു. അബൂബക്കർ പൊന്നാനി, ശുഐബ് സലീം എന്നിവർ ഇരുവരെയും പൊന്നാട അണിയിച്ചു.
പ്രവാസലോകത്ത് രണ്ട് പതിറ്റാണ്ടായി തുടരുന്ന സാമൂഹിക സേവനം പരിഗണിച്ച് ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനർ എം. സാലി ആലുവയെ ബിനോയ് വിശ്വം പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പി. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ നിർവഹിച്ചു. ചടങ്ങിൽ ജോസഫ് അതിരുങ്കലിന്റെ പുതിയ നോവൽ ‘മിയ കുൾപ’, സബീന എം. സാലിയുടെ ‘ലായം’ എന്ന നോവലിന്റെ മൂന്നാം പതിപ്പ് എന്നിവ ബിനോയ് വിശ്വം പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകൻ സി.കെ. ഹസൻ കോയ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ്, കെ.എംസി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ, സുധീർ കുമ്മിൾ (നവോദയ), ശിഹാബ് കൊട്ടുകാട്, ഡോ. കെ.ആർ. ജയചന്ദ്രൻ, ദമ്മാം നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, വിജയൻ നെയ്യാറ്റിൻകര (ഫോർക്ക), സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ), ഷിബു ഉസ്മാൻ (മീഡിയ ഫോറം), കരീം കാനാമ്പുറം (എഡപ്പ) എന്നിവർ സംസാരിച്ചു. ഷാനവാസ്, ഷാജഹാൻ, സമീർ, സജീർ, നൗഷാദ്, അബൂബക്കർ പൊന്നാനി, ഷുഹൈബ് സലിം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിനോദ് കൃഷ്ണ സ്വാഗതവും എം. സാലി ആലുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.