ദമ്മാം: റീട്ടെയ്ൽ വ്യാപാര രംഗത്ത് ലോകത്തിലെതന്നെ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ സൗദിയിലെ പുതിയ ശാഖ കിഴക്കൻ പ്രവിശ്യയിലെ സൈഹാത് അൽ-മുംതാസ് ഡിസ്ട്രിക്ടിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഖത്വീഫ് ഗവർണർ ഇബ്രാഹിം അൽ-ഖുറൈഫ് ഉദ്ഘാടനം നിർവഹിച്ചു.
കിഴക്കൻ പ്രവിശ്യയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. സല്മാന് രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തിലുള്ള സൗദി ഭരണനേതൃത്വം രാജ്യത്തെ യുവതയെ ശാക്തീകരിക്കുന്നതിനും കാര്‍ഷിക രംഗം, വ്യാപാര രംഗം, ആഹാരലഭ്യത തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനും ധീരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
അടുത്ത വർഷങ്ങളിൽ രാജ്യത്ത് ലുലു ഔട്ട്ലെറ്റുകളുടെ എണ്ണം 100 ആയി വർധിപ്പിക്കും. അതോടെ നിലവിലെ 3,500ൽനിന്ന് സ്വദേശി ജീവനക്കാരുടെ എണ്ണം 10,000 ആയി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1,33,000 ചതുരശ്ര അടി വിസ്തീർണമാണ് പുതിയ ശാഖക്കുള്ളത്. ഇത് സൗദിയിലെ 28ാമത്തെ ഔട്ട്ലെറ്റാണ്. ഒറ്റനിലയിൽ പണിതിരിക്കുന്ന ഷോറൂമിൽ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഡിപ്പാർട്മെന്റ് സ്റ്റോർ, സൗന്ദര്യവർധക വസ്തുക്കൾ, ഡിജിറ്റൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവ കൃത്യമായി ക്രമീകരിച്ചിരിക്കുന്നത് ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകും. 30ഓളം ചെക്ക്ഔട്ട് കൗണ്ടറുകൾ ഉപഭോക്താക്കൾക്ക് താമസം കൂടാതെ പർച്ചേഴ്സ് പൂർത്തിയാക്കി പുറത്തുകടക്കാൻ സഹായിക്കും. 400ഓളം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.
ഉപഭോക്താക്കൾക്ക് മികച്ചതും ആദായകരവുമായ ഭക്ഷണങ്ങൾ ലഭ്യമാക്കുക എന്നതും തങ്ങളുടെ പ്രത്യേകതയാണെന്ന് ലുലു അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു.
സൗദിയിൽ വളർത്തുന്ന മത്സ്യങ്ങൾ, സൗദിയിൽ പരിപാലിച്ച് വളർത്തുന്ന ആട്ടിൻകുട്ടികളുടെ ഇറച്ചികൾ, പ്രാദേശികമായി കൃഷി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും, സൗദിയിലെ വിവിധയിനം കാപ്പികൾ, തദ്ദേശീയ ഭക്ഷ്യവിഭവങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും. കുടുംബങ്ങൾക്ക് തിരഞ്ഞെടുക്കാൻ പാകത്തിൽ ആരോഗ്യ, ശുചിത്വ ഉൽപന്നങ്ങളുടെ വലിയ ശേഖരവും ഉണ്ട്. മാത്രമല്ല, ഉപഭോക്താക്കൾക്ക് പാരിസ്ഥിതിക സൗഹാർദപരവും സാങ്കേതികമായി നൂതനവുമായ ഇ-രസീത് സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, റീജനൽ ഡയറക്ടർ മൊയ്സ് നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.