മക്ക: ഒ.ഐ.സി.സി ഗ്ലോബൽ നേതൃത്വത്തിന് മുമ്പിൽ മക്ക കേന്ദ്രീകരിച്ചു റീജിയനൽ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യത്തിന്മേൽ ഇതുവരെ തീരുമാനം ഉണ്ടാവാത്തതിനാൽ തങ്ങൾ സ്വന്തം നിലക്ക് മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തതായി മക്കയിലെ ഒ.ഐ.സി.സി പ്രവർത്തകർ. കെ.പി.സി.സിയുടെ അംഗീകാരത്തോടെയുള്ള 223 അംഗങ്ങളുള്ള മക്കയിലെ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പുതിയ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നിരിക്കുന്നതെന്ന് സീനിയർ നേതാവ് ഷാനിയാസ് കുന്നിക്കോട് അറിയിച്ചു. ഈ മാസം 12ന് മക്കാ അസീസിയയിലെ ജൗഹറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
ഷാനിയാസ് കുന്നിക്കോട് (പ്രസിഡന്റ്), ഷാജി ചുനക്കര (ജനറൽ സെക്രട്ടറി, സംഘടനാ കാര്യം), സാക്കിർ കൊടുവള്ളി (വർക്കിംങ് പ്രസിഡന്റ്), നൗഷാദ് തൊടുപുഴ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഹാരിസ് മണ്ണാർക്കാട്, നിസാം മണ്ണിൽ കായംകുളം, ഹുസൈൻ കല്ലറ, മുഹമ്മദ് ഷാ പോരുവഴി (വൈസ് പ്രസി.), നിസാ നിസാം, അബ്ദുൽ സലാം അടിവാട്, റഫീഖ് വരാന്തരപ്പിള്ളി (ജനറൽ സെക്രട്ടറി), അൻവർ ഇടപ്പള്ളി, ഷംസ് വടക്കഞ്ചേരി, ഷീമാ നൗഫൽ കരുനാഗപ്പിള്ളി, ഫിറോസ് എടക്കര, അബ്ദുൽ കരീം പൂവാർ, ഷാഫി കുഴിമ്പാടൻ ഫറോക്ക്, റോഷ്‌ന നൗഷാദ് കണ്ണൂർ, ജെയിസ് ഓച്ചിറ (സെക്രട്ടറി), ഷംനാസ് മീരാൻ മൈലൂർ (ജോയി. ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കൂടാതെ മക്കാ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ജീവകാരുണ്യ, ഹജ്ജ് സന്നദ്ധ സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കൺവീനറായി അബ്ദുൽ കരീം വരാന്തരപ്പിള്ളിയേയും, കലാ, സാംസ്ക്കാരിക വിഭാഗം കൺവീനറായി നൗഷാദ് കണ്ണൂരിനേയും, സ്പോർട്സ് വിഭാഗം കൺവീനറായി അനസ് തേവലക്കരയേയും യോഗം തെരഞ്ഞെടുത്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവകാരുണ്യ, ഹജ്ജ് സന്നദ്ധ സേവന പ്രവർത്തകരേയും അവരുടെ പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള കൺവീനറായി അബ്ദുൽ ജലീൽ അബ്റാജിനേയും തെരഞ്ഞെടുത്തു. പ്രധാന ഭാരവാഹികളെ കൂടാതെ 15 അംഗ നിർവാഹക സമിതിയേയും, ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി വനിതാ വിങ്ങിന്‍റെ പ്രധാന ഭാരവാഹികളേയും 21 അംഗ പുതിയ നിർവാഹക സമിതിയംഗങ്ങളേയും യോഗത്തിൽ തെരഞ്ഞെടുത്തതായി ഷാനിയാസ് കുന്നിക്കോട് അറിയിച്ചു.
മക്ക ആസ്ഥാനമായി റീജിയനൽ കമ്മിറ്റി രൂപീകരിക്കണമെന്ന മക്കയിലെ ഒ.ഐ.സി.സി പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കാനാകുന്നതാണെന്നും മക്ക, മദീന, ത്വാഇഫ് എന്നീ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് പുതിയ റീജിയനൽ കമ്മിറ്റി ഉണ്ടാക്കുമെന്നും കഴിഞ്ഞ മാസം ജിദ്ദയിൽ നടന്ന വാർത്താസമ്മേനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ പല പ്രാവശ്യം ഗ്ലോബൽ, ജിദ്ദ റീജിയനൽ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടും ഒരു തീരുമാനം ഉണ്ടാവാത്തതിനാലാണ് സ്വന്തം നിലക്ക് കമ്മിറ്റിയുമായി മുന്നോട്ട് പോവുന്നതെന്നും വരുംദിവസങ്ങളിൽ വനിതാ വിഭാഗം ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നും ഷാനിയാസ് കുന്നിക്കോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.