തവക്കൽന ആപ്ലിക്കേഷനിൽ പുതിയ സേവനങ്ങൾ; അബ്ഷീർ അക്കൗണ്ട് ഇല്ലാതെയും രജിസ്റ്റർ ചെയ്യാം

ജിദ്ദ: കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിൽ നിലവിൽ വന്ന തവക്കൽന മൊബൈൽ ആപ്ലിക്കേൻ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ചു. നേരത്തെ ലഭ്യമായിരുന്ന സൗകര്യങ്ങൾക്ക് പുറമെ മറ്റു നിരവധി സേവനങ്ങളാണ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അബ്ഷീർ പ്ലാറ്റ്ഫോമിന്‍റെ സഹായമില്ലാതെ തന്നെ തവക്കൽന ആപ്പിലൂടെ ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നേരിട്ട് അപ്ഡേറ്റ് ചെയ്യാമെന്നതാണ് പുതുതായി ഉൾപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ സേവനം. തവക്കൽന ആപ്പിലെ 'മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ' സേവനം വഴി തങ്ങളുടെ ആശ്രിതരെയോ സുഹൃത്തുക്കളെയോ മറ്റേതെങ്കിലും വ്യക്തിയെയോ നേരിട്ട് രജിസ്റ്റർ ചെയ്യാനും സാധിക്കും. ഇവർക്ക് അബ്ഷീർ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ഉണ്ടാവണമെന്ന് നിർബന്ധമില്ല.

ഏതു സമയത്തും വ്യക്തിയുടെ മൊബൈൽ നമ്പർ മാറ്റാനും ആപ്പിൽ സൗകര്യമുണ്ട്. വിദേശ തൊഴിലാളികൾക്ക് അവരുടെ താമസരേഖയുടെ നിയമപരമായ നില പരിഗണിക്കാതെ തന്നെ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നുണ്ട്.

ആപ്ലിക്കേഷന്‍റെ പുതിയ പതിപ്പിൽ ഇഖാമ നമ്പറിനെ അടിസ്ഥാനമാക്കി നീതിന്യായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വിവിധ സേവനങ്ങളും ലഭ്യമാവും. പുതിയ സേവനങ്ങളിൽനിന്ന് പ്രയോജനം നേടാനും ആപ്ലിക്കേഷൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും Google Play, AppStore, AppGallery തുടങ്ങിയ സ്റ്റോറുകൾ വഴി തവക്കൽന ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാൻ എല്ലാ ഉപയോക്താക്കളോടും അധികൃതർ ആവശ്യപ്പെട്ടു.

മാളുകൾ, ഷോപ്പുകൾ, റെസ്റ്റോറന്‍റുകൾ, പൊതുസ്ഥലങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ ഇപ്പോൾ തവക്കൽന ആപ്ലിക്കേഷൻ നിർബന്ധമാണ്. എന്നാൽ, അബ്ഷീർ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമായിരുന്നു നേരത്തെ തവക്കൽന ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. പുതിയ വേർഷനിൽ അത്തരം നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട് എന്നതിനാൽ കൂടുതൽ ആളുകൾക്ക് തവക്കൽന ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

Tags:    
News Summary - New services in the Tawakkalna application; Abshir can also register without an account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.